തിരുവനന്തപുരം: ആര്‍ട്ടിസാന്‍സുകള്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കുന്നതിനും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി പ്രഖ്യാപിച്ച നൈപുണ്യ വികസനപദ്ധതി കാര്യക്ഷകമമായി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ആര്‍ട്ടിസാന്‍സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. സതീഷ് ടി. പത്മനാഭന്‍ ആവശ്യപ്പെട്ടു.
2016 നവംബറില്‍ പ്രഖ്യാപിച്ച നൈപുണ്യ വികസന പദ്ധതി നടപ്പിലാക്കുന്നത് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴിയാണ്. 20,000 രൂപ തൊഴില്‍ പരിശീലനത്തിനും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി ആര്‍ട്ടിസാന്‍സുകള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമല്ലെന്നും ഇതു അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അര്‍ഹരായ അപേക്ഷകര്‍ എല്ലാവരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ വിഹിതമായ പതിനായിരം രൂപ 2017 സപ്തംബറില്‍ നല്‍കിയ പലര്‍ക്കും ബാക്കി വിഹിതം നല്‍കിയിട്ടില്ല. ഇപ്പോള്‍ പുതിയതായി പലരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. അര്‍ഹരായവര്‍ക്ക് അനുകൂല്യം നിഷേധിക്കുന്നതിലുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഈ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും സഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനും പിന്നാക്ക ക്ഷേമ മന്ത്രിക്കും നിവേദനം നല്‍കിയതായി അഡ്വ. സതീഷ് ടി. പത്മനാഭന്‍ അറിയിച്ചു.
















