ഓഖി ദുരിത ബാധിതരുടെ അടിമലത്തുറയിലെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ എത്തിയ തോമസ് ഐസക്കിനെ സ്ത്രീകള്‍ ചീത്തവിളിക്കുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ് തിരികെ അയച്ചു. ദുരിത ബാധിതരുടെ അടിമലത്തുറയിലെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഇന്നലെ രാവിലെയാണ് ഐസക്ക് എത്തിയത്.
മന്ത്രി ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി സ്ത്രീകളുടെ അടുത്തേക്ക് എത്തിയതോടെ ബഹളം തുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് മന്ത്രി സംസാരിച്ചു തുടങ്ങിയതോടെ പ്രതിഷേധം കനത്തു. ഒമ്പതു ദിവസമായി മന്ത്രി എവിടെയായിരുന്നു, പട്ടിണി കിടക്കുമ്പോള്‍ പുഴുവരിച്ച അരിയാണോ കൊടുത്ത് വിട്ടത്, ധനസഹായം തട്ടിപ്പാണ് എന്നു പറഞ്ഞ് മന്ത്രിയുടെ ചുറ്റും സ്ത്രീകള്‍ കൂടി.
ഐസക്കിന്റെ വാദങ്ങളൊന്നും കേള്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കൂട്ടാക്കിയില്ല. ബഹളം മൂര്‍ച്ഛിച്ചതോടെ രക്ഷയില്ലെന്ന് കണ്ട മന്ത്രി കാറിലേക്ക് കയറി. പിന്നാലെ കൂടിയ മത്സ്യത്തൊഴിലാളികള്‍ വാഹനത്തിനു ചുറ്റും കൂടിനിന്ന് ബഹളം വച്ചു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ മന്ത്രിയുടെ വാഹനത്തെ തന്ത്രപൂര്‍വം കടത്തിവിടുകയായിരുന്നു.
പ്രതിഷേധം ഭയന്ന് വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കാതെ മന്ത്രി മടങ്ങി.
മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ സംസ്ഥാന മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിയെയാണ് മത്സ്യത്തൊഴിലാളികള്‍ ദുരിതബാധിതരുടെ ക്യാമ്പില്‍ നിന്നു തിരികെ അയയ്‌ക്കുന്നത്. ഇതിനു മുമ്പ് മന്ത്രിമാരായ മേഴ്‌സിക്കുട്ടി അമ്മയ്‌ക്കും കടകംപള്ളി സുരേന്ദ്രനും എതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.
















