കണ്ണൂര്‍: പ്രകൃതിക്ഷോഭങ്ങളും അപകടങ്ങളുമുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തനിവാരണത്തിനും ഉതകുന്ന രീതിയില്‍ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കി ‘യുവകര്‍മസേന’യെ വാര്‍ത്തെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ‘യുവകര്‍മസേന’ രൂപീകരണത്തിന്റെ ആദ്യപടിയായി പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍നിന്ന് അഞ്ചു വീതം യുവാക്കളെ തെരഞ്ഞെടുത്താണ് ജില്ലാതലത്തില്‍ പരിശീലനം നല്‍കുക. തുടര്‍ന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുവകര്‍മസേന രൂപീകരിക്കും. ട്രോമ കെയര്‍, പ്രഥമ ശുശ്രൂഷ, പ്രകൃതി ദുരന്തങ്ങളില്‍ ഇടപെടാനുള്ള പരിശീലനങ്ങള്‍ എന്നിവയാണ് നല്‍കാനുദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാവും പരിശീലനം. ഡിസംബറില്‍ ജില്ലാ തലത്തിലും ജനുവരിയില്‍ പഞ്ചായത്ത് തലത്തിലും പരിശീലനം പൂര്‍ത്തിയാക്കി ഫെബ്രുവരിയോടെ സേനയെ അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു.
















