പയ്യന്നൂര്‍: പരിയാരം ഗവ ആയുര്‍വേദ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം യാഥാര്‍ത്ഥ്യമാകുന്നു. കണ്ണ്, ചെവി രോഗങ്ങള്‍ക്കുള്ള കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായിരിക്കും ഇത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്. 14 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം ആരംഭിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പൂര്‍ത്തീകരിച്ച ഒന്നാം നിലയുടെ ഉദ്ഘാടനവും ഉടന്‍ നടത്തും. സര്‍ക്കാര്‍ മേഖലയില്‍ മലബാര്‍ മേഖലയിലുള്ള ഏക ആയുര്‍വേദ കോളേജായ പരിയാരത്ത് ആധുനിക സൗകര്യങ്ങളും മികച്ച ചികിത്സാ രീതികളും നടപ്പിലാക്കും. ബിഎഎംഎസ് സീറ്റുകളുടെ എണ്ണം 60 ആയി ഉയര്‍ത്തും. പിജി സീറ്റുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരിക്കും. 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ആധുനിക അടുക്കളയുടെയും അക്കാദമി ബ്ലോക്കിന്റെയും ഉദ്ഘാടനം ഉടന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
















