കരുനാഗപ്പള്ളി: അമൃത സ്ഥാപനങ്ങളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സമൂഹമധ്യത്തില്‍ താറടിച്ചു കാണിയ്‌ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി വള്ളിക്കാവിലെ വ്യാപാരി സമൂഹം ആരോപിച്ചു. പ്രദേശത്ത് അശാന്തിയും, അസഹിഷ്ണുതയും സൃഷ്ടിയ്‌ക്കാന്‍ പ്രദേശത്തെ ഗുണ്ടകളെ ചിലര്‍ ഉപയോഗിക്കുന്നതായും ഇത്തരക്കാരെ അമര്‍ച്ച ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാതാ അമൃതാനന്ദമയിമഠവും, അതിന്റെ സ്ഥാപനങ്ങളും വള്ളിക്കാവിലേയും സമീപപ്രദേശങ്ങളിലേയും നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ്. വ്യാപാരസ്ഥാപനങ്ങള്‍, ടാക്‌സി-ഓട്ടോറിക്ഷകള്‍, ഹോം സ്റ്റേകള്‍ തുടങ്ങി ആയിരങ്ങളാണ് ഈ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി മഠത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും വിദ്യാര്‍ത്ഥികളേയും, ജീവനക്കാരെയും ആക്രമിക്കുകയും ചെയ്തു.
ഇതുമൂലം സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയാണ്. മഠത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ താറടിയ്‌ക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് വളള്ളിക്കാവിലെ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രകടനം നടത്തി. വള്ളിക്കാവ് ജംങ്ഷനില്‍ ചേര്‍ന്ന പ്രതിഷേധയോഗം വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് വി.പ്രകാശ് അധ്യക്ഷത വഹിച്ചു. ഡി. വാവച്ചന്‍, സെബാസ്റ്റ്യന്‍, കാര്‍ഡോസ്, ജി.ഗോപകുമാര്‍, കെ.ജെ.മേനോന്‍, ത്രിവിക്രമന്‍പിള്ള, ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















