തിരുവനന്തപുരം: ചേല്‍ (കാലാവസ്ഥ) അറിയാതെ കടലില്‍ പോയ മകന്റെ ചിത്രവും ചേര്‍ത്ത് പിടിച്ചുള്ള അമ്മയുടെ കാത്തിരിപ്പിന് ഇന്ന് ഒമ്പതാം ദിവസം. ് കടലില്‍ പോയ 25 കാരനായ സേതു ഐസക്കിന്റെ മടങ്ങി വരവും കാത്താണ് മരിയാ ഗ്രേസി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വള്ളത്തില്‍ സേതുവിനൊപ്പം 14 പേരാണ് കടലില്‍ പോയത്. ഇതില്‍ ആരോഗ്യദാസ് എന്ന ആളിന്റെ മൃതദേഹം മാത്രമാണ് ലഭിച്ചത്. മറ്റു 13 പേരെ പറ്റി ഒരു വിവരവുമില്ല.
തന്റെ മകനും കൂട്ടുകാരും തിരിച്ചുവരുമെന്ന വിശ്വാസമാണ് മരിയാഗ്രേസിക്കുള്ളത്. മറ്റു സഹോദരങ്ങളെക്കാള്‍ അമ്മയ്‌ക്ക് ഏറെ അടുപ്പം സേതുവിനോടാണ്. തിരിച്ചും അങ്ങനെ തന്നെ. രാത്രി അമ്മ തന്നെ സേതുവിന് ഭക്ഷണം വിളമ്പണം എന്ന നിര്‍ബന്ധവുമുണ്ട്. സൗമി, സനല്‍, സനൂജ് എന്നീ മൂന്നു പേര്‍ സേതുവിന്റെ മൂത്ത സഹോദരങ്ങളാണ്. ദിവസവും പണിക്ക് പോകുന്ന ചെറുപ്പക്കാരന്‍. തുച്ഛമായ ശമ്പളത്തിന്റെ ഒരു പങ്ക് അമ്മയ്‌ക്ക് നല്‍കും. സഹോദരങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിലും സേതു മടികാണിച്ചിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. കടലിന്റെ ചേല്‍ ഗുരുവായ അച്ഛനില്‍ നിന്ന് കൂടുതല്‍ പഠിക്കും മുമ്പ് കുടുംബ ഭാരം ഏറ്റെടുത്തു കൂട്ടുകാരോടൊപ്പം സേതു കടലിലേക്ക് ഇറങ്ങി.
അച്ഛന്‍ ഈസാക്കും സേതു പോയ അതേ ദിവസം മറ്റൊരു ബോട്ടില്‍ കടലില്‍ പോയതാണ്. എന്നാല്‍ കാലാവസ്ഥയുടെയും കടലിന്റെ സ്വഭാവത്തിലും പന്തികേട് മുന്‍കൂട്ടികണ്ട ഈസാക്കും ബോട്ടിലുള്ളവരും പിന്തിരിഞ്ഞു. കൂടെയുള്ള മറ്റൊരു ബോട്ടും തിരിച്ചുവന്നു. അതേസമയം ഈസാക്ക് ബോട്ടിലെ വയര്‍ലെസ് മുഖേന സേതുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല.
സേതു സഞ്ചരിച്ച ബോട്ടിനോടൊപ്പം മറ്റ് രണ്ട് ബോട്ടുകളുമുണ്ട്. ഇവരെ പറ്റിയുള്ള ഒരു വിവരവുമില്ല. അന്വേഷിച്ചു പോയ മത്സ്യത്തൊഴിലാളികള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
















