കോട്ടയം: സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാന്‍ ആരംഭിച്ച റബ്ബര്‍ ഉല്പാദക ധനസഹായ പദ്ധതിയില്‍ അംഗമാവുന്നതിന് രജിസ്ട്രേഷന് തീയതി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. മൂന്നാം ഘട്ട പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഈ മാസം 31 വരെ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
പദ്ധതിയുടെ രണ്ടാംഘട്ടം ജൂണ്‍ 30ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഈ പദ്ധതിയുടെ മൂന്നാംഘട്ടം ജൂലൈ 1 മുതല്‍ 2018 ജൂണ്‍ 30വരെ നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പദ്ധതിയില്‍ അംഗമാകാന്‍ ആഗസ്റ്റ് 31വരെ സമയം മാത്രമെ അനുവദിച്ചുള്ളൂ. ഇതുമൂലം പദ്ധതിയില്‍ നിന്ന് പതിനായിരക്കണക്കിന് ചെറുകിട, നാമമാത്ര കര്‍ഷകര്‍ പുറത്തായി. ഇതിനെതിരെ വിവിധ കര്‍ഷക സംഘടനകള്‍ വ്യാപകമായി പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് തീയതി നീട്ടിക്കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
അതേസമയം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കര്‍ഷകര്‍ നല്കിയ ബില്ലുകളുടെ പണം ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമൂലം കര്‍ഷകര്‍ വിഷമ വൃത്തത്തിലാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കര്‍ഷകര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ മരവിപ്പിച്ചതാണ് കാരണം. പദ്ധതിയ്ക്കായി ബജറ്റില്‍ 500 കോടി പ്രഖ്യാപിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കുന്നില്ല.
ട്രഷറി നിയന്ത്രണം കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. റബ്ബര്‍ബോര്‍ഡ് ദിവസേന പ്രഖ്യാപിക്കുന്ന ആര്‍എസ്എസ്-4ന്റെ വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ സബ്സിഡിയായി കൊടുക്കുന്നത്. ഒരു കിലോ റബ്ബറിന് 130 രൂപയാണെങ്കില്‍ ബാക്കി വരുന്ന 20 രൂപ സര്‍ക്കാര്‍ നല്‍കും. കര്‍ഷകര്‍ വില്‍ക്കുന്ന റബ്ബറിന്റെ ബില്ല് ഉല്പാദക സംഘങ്ങളാണ് അപ്ലോഡ് ചെയ്ത് സര്‍ക്കാരിലേക്ക് അയയ്ക്കുന്നത്.
പദ്ധതിയില്‍ നാലരലക്ഷത്തോളം കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ബില്ലുകള്‍ സര്‍ക്കാരിലേക്ക് അപ്ലോഡ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ ജൂലൈ മുതല്‍ അപ് ലോഡ് ചെയ്ത ബില്ലുകളുടെ പണമാണ് ലഭിക്കാനുള്ളത്. അന്താരാഷ്ട മാര്‍ക്കറ്റില്‍ റബ്ബറിന് വില കുറഞ്ഞിരിക്കുന്നതിനാല്‍ ആഭ്യന്തര വിപണിയിലും വില കുറവാണ്. അതിനാല്‍ ധനസഹായ പദ്ധതി കര്‍ഷകര്‍ക്ക് ഏറെ സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: