തിരുവനന്തപുരം: സഹപാഠികളുടെ പീഡനം സഹിക്കവയ്യാതെ ഏവിയേഷന്‍ ഡിപ്ലോമാ കോഴ്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ നാലാം നിലയില്‍നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനുസമീപമുള്ള ഐപിഎംഎസ് ഏവിയേഷന്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ന്യൂമാന്‍ ഹോട്ടലില്‍ താമസിക്കവേയാണ് ഇക്കഴിഞ്ഞ 30ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
പട്ടികജാതിക്കാരിയായ ഇവര്‍ വിവാഹിതയാണ്. ജാതിപ്പേരുപറഞ്ഞ് നിരന്തരം ആക്ഷപിക്കാറുണ്ടായിരുന്നെന്ന് മാതാവ് പറഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ്. ആത്മഹത്യാ ശ്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കോളേജ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫ് സെലക്ഷനുവേണ്ടിയുള്ള ട്രെയിനിംഗിന്റെ ഭാഗമായാണ് 16 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും കരിപ്പൂരിലുള്ള ന്യൂമാന്‍ ഹോട്ടലില്‍ താമസിച്ചു പഠിച്ചുവന്നത്. പഠനം തുടങ്ങിയ കാലം മുതല്‍ സഹപാഠികളായ നാലു വിദ്യാര്‍ത്ഥിനികള്‍ ക്രൂരമായി പീഡിപ്പിച്ചു വന്നതായി കുട്ടിയുടെ അമ്മ പറഞ്ഞു.
പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറും മാതാവ് നഗരസഭയിലെ ശുചീകരണത്തൊഴിലാളിയുമാണ്. ഒരു സഹോദരനുമുണ്ട്. കുട്ടിയുടെ ഭര്‍ത്താവ് ഡ്രൈവറാണ്. പഠനം തുടങ്ങിയശേഷം വിവാഹിതയായതിനാല്‍ പഠനം തുടരാന്‍ അനുവദിക്കില്ലെന്ന് ഈ സ്ഥാപനത്തിന്റെ മേധാവി പറഞ്ഞിരുന്നു. ഒടുവില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പഠനം തുടരാന്‍ അനുവദിക്കുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ കുട്ടി ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഫോര്‍ട്ട്് പോലീസ് കേസെടുത്തു.
















