പാലാ: ശബരിമല തീര്‍ത്ഥാടന കാലത്തെ തിരക്ക് പരിഗണിച്ച് പൈകയില്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് മീനച്ചില്‍ താലൂക്ക് വികസന സമിതിയോഗത്തില്‍ ആവശ്യം. ഇത് പരിഗണിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മീനച്ചില്‍ തഹസീല്‍ദാര്‍ അറിയിച്ചു. ഈരാറ്റുപേട്ട, ളാലം ബ്‌ളോക്കുകളില്‍ രാത്രി സമയത്ത് പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന വെറ്റിനറി ക്‌ളിനിക് വേണമെന്നും മീനച്ചില്‍ വായനശാല, കുറ്റില്ലം, കടയം എന്നിവിടങ്ങളില്‍ കെഎസ് ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കണം, മാലിന്യ സംസ്‌കരണം, ഭക്ഷ്യ സുരക്ഷ എന്നീ കാര്യങ്ങളില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കോട്ടയം ജില്ലാപഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷയായി. മീനച്ചില്‍ തഹസീല്‍ദാര്‍ ബാബു സേവ്യര്‍ സംസാരിച്ചു.
















