തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിക്കാന്‍ വൈകുന്നതില്‍ തീരത്ത് പ്രതിഷേധം ഇരമ്പുന്നു. തീരപ്രദേശങ്ങളിലെല്ലാം ഉറ്റവരെ കാത്തുള്ള പ്രാര്‍ഥന മാത്രം. വിഴിഞ്ഞത്ത് നിന്നു കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയെയും കടകംപളളി സുരേന്ദ്രനെയും തീരവാസികള്‍ തടഞ്ഞു. വിഴിഞ്ഞം,
ഈഞ്ചയ്‌ക്കലില്‍ നടന്ന ഉപരോധം
പൂവ്വാര്‍, ഈഞ്ചയ്‌ക്കല്‍, ആള്‍സെയിന്‍സ് എന്നിവിടങ്ങളില്‍ റോഡ് ഉപരോധവും നടന്നു. ഇന്നലെ രാവിലെ 10 മണിയോടെ ചാക്ക-കോവളം ബൈപ്പാ സില്‍ ഈഞ്ചയ്‌ക്കലിലായിരുന്നു ഉപരോധം. വലിയതുറ, ചെറിയതുറ മേഖലയിലുളള തീരവാസികളാണ് ഉപരോധിച്ചത്. ബൈപ്പാസിലേക്ക് വാഹനങ്ങള്‍ എത്തിച്ചേരാന്‍ സാധ്യതയുളള മുട്ടത്തറ മുതലുളള എല്ലാ ഇടറോഡുകളും ഉപരോധക്കാര്‍ കമ്പി കെട്ടിയും കല്ലുകള്‍ അടുക്കി വച്ചും തടസ്സപ്പെടുത്തി.
ചാക്കയില്‍ നിന്ന് കഴക്കൂട്ടത്തേക്കുളള സമാന്തരറോഡ് കടന്ന് പോകുന്ന ആള്‍സെയിന്‍സ് കോളേജിന് സമീപം വെട്ടുകാട് നിവാസികളും ഉപരോധിച്ചു. ബീമാപളളി മുതല്‍ കൊച്ചുവേളി വരെ കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് അധികൃതര്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ വലിയതുറ പളളിയില്‍ ഈ പ്രദേശത്തുളളവരെ കണ്ടെത്തിയെന്ന വിവരവും അന്വേഷണത്തില്‍ തെറ്റായിരുന്നുവെന്ന് ഉപരോധക്കാര്‍ പറഞ്ഞു.
അധികാരികളുമായി ചര്‍ച്ച
രാവിലെ 11 മണിയോടെ എഡിജിപി ബി. സന്ധ്യ, ഡിസിപി ജി. ജയദേവ് എന്നിവര്‍ ആള്‍സെയിന്‍സ് കോളേജിന് സമീപത്തെ ഉപരോധസ്ഥലത്തെത്തി. വെട്ടുകാട് വികാരിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്തെ പത്ത് മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്താമെന്ന് പോലീസ് ഉറപ്പ് നല്‍കി. ഇതോടെ ഇവിടെ ഉപരോധം അവസാനിച്ചു.
എന്നാല്‍ ഈഞ്ചയ്‌ക്കലില്‍ തീരുമാനം ഡിസിപി അറിയിച്ചെങ്കിലും ഉപരോധക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. കളക്ടറാണ് തീരുമാനം അറിയിക്കേണ്ടതെന്ന് ഉപരോധക്കാര്‍ ഡിസിപിയെ അറിയിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ചുമതല വഹിക്കുന്ന നൂഹ്ബാവ ഈഞ്ചയ്‌ക്കലെത്തി വലിയതുറയിലെ രണ്ടുപേരെ ഐഎന്‍എസ് യമുന കപ്പല്‍ കണ്ടെത്തിയെന്ന് അറിയിച്ചതോടെ ഉപരോധം അവസാനിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നും ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിനായി കണ്‍ട്രോള്‍ റൂം വലിയതുറയില്‍ പ്രവര്‍ത്തിക്കുമെന്നും വലിയതുറ വികാരി മെല്‍ക്കോണ്‍, ചെറിയതുറ വികാരി സൈറസ് എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ ഡിസിപി ഉറപ്പ് നല്‍കി.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു പൂവാറില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. പൂവാര്‍-നെയ്യാറ്റിന്‍കര റോഡ്, പൂവാര്‍-വിഴിഞ്ഞം റോഡ്, പൂവാര്‍-കളിയിക്കാവിള ബെപ്പാസ്സ് റോഡ് എന്നിവിടങ്ങളില്‍ പോകാനുള്ള വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ വടം കെട്ടി തടഞ്ഞത്. ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് നല്‍കാത്തത് ഗുരുതര വീഴ്ചയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അഞ്ച് മണിയോടെ പള്ളി വികാരി ഉള്‍പ്പെടയുള്ളവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു.
















