കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ആനെഗുഡ്ഡെ കുംഭശി വിനായകക്ഷേത്രം. കര്‍ണാടകത്തിലെ സപ്തമുക്തി ക്ഷേത്രങ്ങളില്‍ ഒന്നത്രെ ഇത്. പ്രശ്നങ്ങള്‍ പരിഹരിച്ച് മുക്തി നല്കുന്നു വിനായകന്. കന്നടയില്‍ ആനെഗുഡ്ഡെ എന്നുവച്ചാല്‍ ആനകളുടെ കുന്ന് എന്നാണര്‍ത്ഥം. ഗണേശ ഭഗവാന്റെ ആവാസ സ്ഥലമായതുകൊണ്ട് സ്ഥലനാമം അന്വര്‍ത്ഥമത്രെ.
സിദ്ധിവിനായകന്‍, സര്‍വസിദ്ധി പ്രദായകന്‍ എന്നാണ് ഭഗവാനെ പറഞ്ഞുവരുന്നത്. പാറക്കല്ലില്‍ കൊത്തിയെടുത്ത നിലയിലുള്ള ചതുര്ഭുജവിനായകനാണ് ഇവിടെ. വെള്ള അങ്കി ധരിച്ചാണ് ഭഗവാന് നില്‍ക്കുന്നത്. ഭക്തരുടെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കുന്ന വരദ ഹസ്തമുദ്രയിലാണ് രണ്ട് കൈകള്‍. മോക്ഷം സാധിപ്പിക്കുന്ന മുദ്രയിലാണ് മറ്റു രണ്ടു കൈകള്‍. ഭാര്‍ഗവ പുരാണവുമായി ബന്ധപ്പെട്ട നിരവധി ശില്പ്പങ്ങള് ആലേഖനം ചെയ്യപ്പെട്ടതായി കാണാം.
പാണ്ഡവരുടെ കാലത്ത് വരള്‍ച്ച ബാധിച്ച ദേശമായിരുന്നു ഇവിടം. ദേവന്മാരെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാന്‍ യജ്ഞം നടത്തുന്നതിന് അഗസ്ത്യ മഹര്‍ഷി ഇവിടെയെത്തി. കുംഭാസുരന്‍ മഹര്‍ഷിമാരെ ശല്യപ്പെടുത്താനും യജ്ഞത്തിന് വിഘ്നം വരുത്താനും ശ്രമമാരംഭിച്ചു. ഈ സമയത്ത് ഗണേശ ഭഗവാന് പാണ്ഡവരില്‍ ശക്തിമാനായ കുന്തീപുത്രന് ഭീമനെ അസുരനിഗ്രഹത്തിന് വാളുമായി അയച്ചു. ഭീമന് പോരാട്ടത്തില്‍ കുംഭാസുരനെ വധിച്ചു. യജ്ഞകര്‍മ്മങ്ങള്‍ വിധിയാംവണ്ണം പൂര്‍ത്തിയാക്കി. ഗണേശഭഗവാന് പ്രത്യക്ഷപ്പെട്ട സ്ഥലമായതുകൊണ്ടാവണം ആനെഗുഡ്ഡെ എന്ന് പേരുവന്നത്.
വിനായക ചതുര്‍ത്ഥി ആഘോഷം ഇവിടെ വളരെ പ്രധാനമാണ്. എല്ലാ മാസത്തെയും ശുക്ലപക്ഷ ചതുര്‍ത്ഥി നാളില്‍ വിശേഷാല്‍ പൂജകളും പതിവുണ്ട്. പ്രധാന വഴിപാടുകളില്‍ തുലാഭാരവും പെടുന്നു. ഉച്ചയ്ക്ക് ഭക്തജനങ്ങള്‍ക്കായി പ്രസാദഊട്ട് പതിവാണ്. ഇലയില്‍ ഉണ്ടാക്കിയ ഒരു തരം ഇഡ്ഡലി ഇവിടെ പ്രസാദമായി കിട്ടുന്നു. കൗണ്ടറില്‍ ഇതിന് പണം നല്കി കൂപ്പണ്‍ ചോദിക്കണം.
മലയടിവാരത്തിലുള്ള ഹരിഹര ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ഭക്തരില്‍ ചിലര്‍ മല കയറാറുള്ളത്. ഉഡുപ്പിയില്‍നിന്ന് കുന്ദാപ്പൂര്ക്ക് പോകുന്ന വഴിയില്‍ ഒരു കുന്നിന് മുകളിലാണ് ക്ഷേത്രം. മംഗലാപുരത്തുനിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ആനെഗുഡ്ഡെ, ഉഡുപ്പിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ; കുന്ദാപ്പൂരില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ. മംഗലാപുരം-ഗോവ ദേശീയപാതയിലാണ് ആനെഗുഡ്ഡെ.
പരശുരാമന് പ്രതിഷ്ഠ നടത്തിയ സപ്തമുക്തി സ്ഥലങ്ങളില്‍ ഗണപതിക്ഷേത്രം ഇതാണ്. പ്രകൃതി മനോഹരമാണ് ഇവിടം. പച്ചിലകള്‍ നിറഞ്ഞ ഉയര്‍ന്ന മരങ്ങള്‍ ധാരാളമുണ്ട്. ഒരു വശത്ത് പശ്ചിമഘട്ട മലനിരകള്‍, മറുവശത്ത് നീലിമയാര്‍ന്ന അറബിക്കടല്‍.
രാവിലെ 5.30ന് നട തുറന്നാല്‍ രാത്രി 8.30ന് അടയ്ക്കും. ഗണേശ ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ആദ്യവാരം രഥോത്സവം നടത്താറുണ്ട്. വെളുത്ത വാവ് കഴിഞ്ഞ് നാലാം നാള് വരുന്ന ചതുര്‍ത്ഥി സങ്കഷ്ട അഥവാ സങ്കടഹര ചതുര്‍ത്ഥിയായി ആചരിക്കുന്നു.
അഷ്ടോത്തര സഹസ്രനാമാര്‍ച്ചന, മഹാരംഗപൂജ, സഹസ്രനാമാര്‍ച്ചന, ത്രികാലപൂജ എന്നിവയാണ് പ്രധാന വഴിപാടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: