വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് 134 റണ്‍സിന് അവസാനിച്ചു. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച കിവീസ് ആദ്യ ദിനത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 85 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍.
29 റണ്ണുമായി ജീത് റാവലും 12 റണ്‍സുമായി റോസ് ടെയ്‌ലറും ക്രീസില്‍. 37 റണ്‍സെടുത്ത ലാഥം ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് പുറത്തായത്.
ഇടംകയ്യന്‍ പേസര്‍ നീല്‍ വാഗ്‌നറുടെ തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ ചുരുട്ടികൂട്ടിയത്. 14.4 ഓവറില്‍ 39 റണ്‍സ് വഴങ്ങി 7 വിക്കറ്റുകളാണ് വാഗ്‌നര്‍ കൊയ്തത്. 33-ാം ടെസ്റ്റിനിറങ്ങിയ വാഗ്‌നറുടെ കരിയറിലെ മികച്ച പ്രകടനമാണ് ഇത്. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ട്രന്റ് ബൗള്‍ട്ട് മികച്ച പിന്തുണ നല്‍കി. 42 റണ്‍സെടുത്ത കീറണ്‍ പവലാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.
പവലിന് പുറമെ ബ്രാത്ത്‌വെയ്റ്റ് (24), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (13), ഷെയ്ന്‍ ഡൗറിച്ച് (18), കെമര്‍ റോച്ച് (പുറത്താകാതെ 14), ഗബ്രിയേല്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒരു ഘട്ടത്തില്‍ ഒന്നിന് 75 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്.
അതേസമയം അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ പന്തില്‍ ഒരു താരം പുറത്താകുന്നതിനും ടെസ്റ്റ് സാക്ഷ്യം വഹിച്ചു. ഹിറ്റ്‌വിക്കറ്റായാണ് അരങ്ങേറ്റം കുറിച്ച സുനില്‍ ആമ്പ്രിസ് പുറത്തായത്. വാഗ്‌നറുടെ പന്ത് ബാക്ക്ഫൂട്ടില്‍ ഇറങ്ങി കളിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ സ്റ്റമ്പില്‍ തട്ടുകയായിരുന്നു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഹിറ്റ് വിക്കറ്റാകുന്ന ലോകത്തെ ആദ്യത്തെ ക്രിക്കറ്റ് താരമായി ആമ്പ്രിസ്.
















