കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം മോശമല്ലെന്ന് നായകന്‍ സന്ദേശ് ജിംഗന്‍. മുന്‍ സീസണുകളെ അപേക്ഷിച്ച് മികച്ച തുടക്കമാണ് ഇത്തവണ ലഭിച്ചതെന്നും ജിംഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത മത്സരത്തില്‍ വെസ് ബ്രൗണ്‍ കളിക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ സീസണില്‍ പോയിന്റ് നേടാന്‍ മൂന്നാമത്തെ മത്സരം വരെ കാത്തിരിക്കേണ്ടിവന്നു.
കഴിഞ്ഞ സീസണില്‍ നാലാമത്തെ മത്സരത്തിലാണ് ആദ്യ പോയിന്റ് ലഭിച്ചത്. എന്നാല്‍ ഈ സീസണില്‍ ആദ്യ രണ്ട് കളികളില്‍ നിന്ന് രണ്ട് പോയിന്റ് ലഭിച്ചു. ഇത് അത്ര മോശമല്ല. ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം കളിയില്‍ മികച്ച പ്രകടനം നടത്താനും ടീമിന് കഴിഞ്ഞു. മികച്ച പ്രതിരോധത്തിനൊപ്പം ഗോളി പോള്‍ റച്ചൂബ്കയുടെ പ്രകടനം ഗംഭീരമായിരുന്നു. മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതില്‍ നിരാശയില്ല. ടീം ഒത്തിണക്കത്തിന് ഇവ സഹായിച്ചിട്ടുണ്ട്. നാളെ മുംബൈക്കെതിരെ ആത്മവിശ്വാസത്തോടെയാണ് കളിക്കാനിറങ്ങുന്നതെന്നും ജിംഗന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗോള്‍ വഴങ്ങാതിരിക്കുന്നതിനൊപ്പം ജയിക്കുകയാണ് ലക്ഷ്യമെന്ന് വെസ് ബ്രൗണ്‍ പറഞ്ഞു. പരിക്കുമാറിയ ബ്രൗണ്‍ നാളെ ആദ്യ കളത്തിലിറങ്ങും. ജിംഗനും നെമാഞ്ചക്കുമൊപ്പം പ്രതിരോധത്തിലാകും കളിക്കുക.
















