പാമ്പാടി: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ‘നൂപുരം’ സമാപിച്ചു. ആതിഥേയരായ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ 903 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. ഓരോ വിഭാഗത്തിലും പങ്കെടുത്ത കുട്ടികള്‍ മികവുറ്റ നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂള്‍ 716 പോയിന്റ് നേടി രണ്ടാം സ്ഥാനവും കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ 678 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. രണ്ട് ദിവസമായി നടന്നുവന്ന കലോത്സവത്തില്‍ ജില്ലയിലെ 19 വിദ്യാലയങ്ങളില്‍ നിന്നുള്ള 1400 വിദ്യാര്‍ത്ഥികളാണ് 140 ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ സീരിയല്‍ താരം പ്രതീഷ് നന്ദന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി. എന്‍.പുരുഷോത്തമന്‍ അദ്ധ്യക്ഷനായി. വിദ്യാനികേതന്‍ ജില്ലാ ട്രഷറര്‍ കെ.ടി.ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി.വി.അജയകുമാര്‍, പ്രിന്‍സിപ്പല്‍ ആര്‍.സി.കവിത എന്നിവര്‍ പ്രസംഗിച്ചു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇത്തവണ കോട്ടയമാണ്. കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറാണ് വേദി.
















