പാനൂര്‍: പോരാളിക്കു മുന്നില്‍ നമ്രശിരസ്‌കരായി ആയിരങ്ങള്‍. സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ 18-ാം ബലിദാന വാര്‍ഷികത്തില്‍ സ്വവസതിയിലെ ബലികുടീരത്തില്‍ ഇന്നലെ പുഷ്പാര്‍ച്ചനയ്‌ക്കത്തിയത് ആയിരങ്ങള്‍. സിപിഎം മരണവാറണ്ടിനു മുന്നില്‍ പതറാതെ സംഘപഥത്തില്‍ ധൈര്യവും വീര്യവുമായി സഞ്ചരിച്ച യുവനേതാവിന് മരണമില്ലെന്ന് ഉച്ചൈസ്ഥരം പ്രഖ്യാപിച്ച് ഓരോ പ്രവര്‍ത്തകനും ഓര്‍മ്മ പുതുക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഭീഷണിയുണ്ടെന്നറിഞ്ഞ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയപ്പോള്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും കണ്ണൂരില്‍ നിന്നും മാറണമെന്ന് ആവശ്യപ്പെട്ടിട്ടും ഇവിടെ ശക്തമായി തന്നെ നില്‍ക്കാന്‍ കെ.ടടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് മതിയായ കാരണമുണ്ടായിരുന്നു. എന്നെ വിശ്വസിച്ച് എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ തനിച്ചാക്കി സ്വജീവിതം രക്ഷിക്കാന്‍ തനിക്കാവില്ലന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതിലുപരി അങ്ങിനെ മാറിനിന്നാല്‍ അത് സിപിഎമ്മിനെ ഭയന്നിട്ടാണെന്ന ധാരണയുണ്ടാവുമെന്നും അദ്ദേഹം പലരോടും പറഞ്ഞിരുന്നു.
കടുത്ത ഭീഷണി നേരിട്ട ഘട്ടത്തില്‍ പ്രവര്‍ത്തകര്‍ മാക്കൂല്‍പീടികയില്‍ നിന്നും കൂട്ടിനു പോയാല്‍ മൊകേരി ഈസ്റ്റ് യുപി സ്‌ക്കൂളിനടുത്ത് സിപിഎം കേന്ദ്രത്തിലെത്തും മുന്‍പ് പ്രവര്‍ത്തകരെ തിരിച്ചയക്കുകയും പതിവായിരുന്നു. സഖാക്കളെ ഭയന്ന് ആളെക്കൂട്ടി വന്നുവെന്ന ധാരണ ഒഴിവാക്കാനായിരുന്നു പാതിവഴിയില്‍ പ്രവര്‍ത്തകരെ തിരിച്ചയച്ചിരുന്നത്. ഇതായിരുന്നു ധീരരില്‍ ധീരനായ സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍.
ആരുടെ മുന്നില്‍ തലകുനിച്ചാലും സിപിഎം കാപാലികരുടെ മുന്നില്‍ തലകുനിക്കില്ലെന്ന ശാഠ്യം പുലര്‍ത്തിയിരുന്നു അദ്ദേഹം. സിപിഎം അക്രമത്തിനും അസഹിഷ്ണുതയ്‌ക്കുമെതിരെ പോരാടാന്‍ ഓരോ സ്വയംസേവകനും ധൈര്യവും ആത്മവിശ്വാസവും നല്‍കുന്ന വ്യക്തിത്വം. മരണമെന്ന ഭൗതികതയില്‍ അലിഞ്ഞുചേരാതെ ഈ ലോകം ഉളളിടത്തോളം ഓര്‍മ്മയില്‍ ഈ പോരാളി ജ്വലിച്ചു നില്‍ക്കുക തന്നെ ചെയ്യും. ആയുധമെടുത്തവര്‍ പരാജയം രുചിച്ച് നിലംപതിക്കുമ്പോള്‍ സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനശ്വര പോരാളിയായി ഇന്നും പ്രവര്‍ത്തകരില്‍ ആവേശമായി, ഉയിരായി, ഉശിരായി ജീവിക്കുകയാണ്.
















