ഇരിട്ടി: തലശേരി-വളവുപാറ റോഡ് നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അധികൃതര്‍ അടിയന്തര സുരക്ഷാ നടപടികള്‍ ആരംഭിച്ചു. എട്ടു മീറ്റര്‍ ഉയരത്തില്‍ മണ്ണ് ചെത്തിയിറക്കി വീതികൂട്ടിയ മാടത്തില്‍ പള്ളിക്കു മുന്‍വശം അതേഭാഗത്ത് കരിങ്കല്‍ ഭിത്തികെട്ടി സംരംക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മുറ്റം പൂര്‍ണമായും ഇടിഞ്ഞതിനെ തുടര്‍ന്ന് പള്ളിയും അപകടാവസ്ഥയിലാണ്. ആദ്യഘട്ടത്തില്‍ മണല്‍ നിറച്ച ചാക്കുകള്‍ അട്ടിയിട്ട് വീണ്ടും ഇടിയാതിരിക്കാനുള്ള സാധ്യത ഒഴിവാക്കുന്ന പ്രവൃത്തി നടത്തും. ഇതിനു ശേഷം അടിത്തറ ഉള്‍പ്പെടെ എട്ട് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കും.
നാല്‍പത് മീറ്റര്‍ നീളത്തിലാണ് മതില്‍ നിര്‍മിക്കേണ്ടതെങ്കിലും അപകടം വീണ്ടും ഉണ്ടാവാതിരിക്കാന്‍ അഞ്ചു മീറ്റര്‍ വീതം എടുത്താണ് പ്രവൃത്തി നടത്തുക. ഇപ്പോള്‍ മഴ പെയ്താല്‍ മണ്ണിടിയുമെന്നുള്ളതിനാല്‍ ഇടിഞ്ഞ് പ്ലാസ്റ്റിക്ക് ഷീറ്റിട്ട് വെള്ളം ഇറങ്ങാത്ത സ്ഥിതിയാക്കി. പള്ളിയുടെ മുകളില്‍ നിന്ന് വീഴാതിരിക്കാന്‍ പൈപ്പുകളും സ്ഥാപിച്ചു.
ഇതേസമയം അതീവ ഗൗരവത്തോടെയാണ് റോഡ് നിര്‍മാണത്തൊഴിലാളി മരിച്ചതിനെ ലോക ബാങ്കും കെഎസ്ടിപിയും കാണുന്നത്. മതിയായ സുരക്ഷ ഒരുക്കിയശേഷം മാത്രം അപകടാവസ്ഥ ഉള്ളിടത്ത് പ്രവൃത്തി നടത്തണമെന്നതാണ് നയം. മാടത്തിയില്‍ അപകടത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് റസിഡന്റ് എന്‍ജിനിയര്‍ പി.വി.ശശികുമാര്‍, ഡപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പി.പ്രബിന്ദ്, ബ്രിഡ്ജസ് എന്‍ജിനിയര്‍ കെ.രാജേഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ സതീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്ടിപിയുടെയും റോഡ് നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെയും പ്രാഥമിക നിഗമനം. ആറിന് ലോക ബാങ്ക് സംഘവും സ്ഥലം സന്ദര്‍ശിക്കും. മരിച്ച തൊഴിലാളി പശ്ചിമബംഗാള്‍ സ്വദേശി റബി മൂറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ കൊച്ചിയിലെത്തിച്ചു. എംബാം ചെയ്ത ശേഷം ഇന്നു വിമാനമാര്‍ഗം പശ്ചിമ ബംഗാളില്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും.
കരാര്‍ കമ്പിനിയായ ഇകെകെയുടെ പിആര്‍ഒ സനേഷും നാട്ടുകാരായ തൊഴിലാളികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. സണ്ണി ജോസഫ് എംഎല്‍എ, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ എന്നിവര്‍ ഇന്നലെ പരിയാരത്തെത്തി നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നേതൃത്വം നല്‍കി. തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും പരിക്കേറ്റ് എകെജി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് ഗുരുതരാവസ്ഥ ഇല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
















