താനൂര്‍/പരപ്പനങ്ങാടി: ജില്ലയുടെ തീരദേശ മേഖലയായ താനൂര്‍ പരപ്പനങ്ങാടി മേഖലകളില്‍ കടല്‍ ഉള്‍വലിഞ്ഞത് തീര്ദേശവാസികളില് ആശങ്ക പടര്‍ത്തി. ഇന്നലെ രാവിലെ മുതല്‍ കടലില്‍ തിരമാലകള്‍ ക്ഷോഭിച്ച നിലയിലായിരുന്നു. ഉച്ചയോടെയാണ് പരപ്പനങ്ങാടി കെട്ടുങ്ങല്‍, കെടി നഗര്‍, പുത്തന്‍കടപ്പുറം ഭാഗങ്ങളില്‍ കടല്‍ 30 മീറ്ററോളം ഉള്‍വലിഞ്ഞതായി കണ്ടത്. സമാന രീതിയില്‍ താനൂര്‍ ഒസാന് കടപ്പുറം, ഫാറൂഖ് പളളി ഭാഗങ്ങളില്‍ ഇരുന്നൂറ് മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. ഓഖി ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങള്‍ തീരദേശത്തെ എങ്ങനെ ബാധിക്കുമെന്ന ഭീതിയിലാണ് മത്സ്യതൊഴിലാളികളടക്കമുള്ള തീരദേശവാസികള്‍.
തിരൂര്‍ എസ്ഐ സുമേഷിന്റെതെന്ന് പറയപ്പെടുന്ന ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിക്കുന്നതല്ലാതെ വകുപ്പ്തലത്തില്‍ ഉള്ള മുന്‍കരുതല്‍ നടപടികളൊന്നും തീരത്ത് കാണുന്നില്ല. അഭ്യൂഹങ്ങള്‍ പലതും തീരദേശത്ത് പരിഭ്രാന്തി പരത്തുന്നുണ്ട്. ഒഴിവുദിവസമായതിനാല്‍ വിനോദ സഞ്ചാരമേഖലയായ ഒട്ടുംപുറം, കെട്ടുങ്ങല്‍, ചാപ്പപ്പടി പ്രദേശങ്ങളില്‍ നിന്നും കടല്‍ കാണാനെത്തിയവരെ നാട്ടുകാര്‍ തന്നെ തിരിച്ചയച്ചിട്ടുണ്ട്.
കടലിനോട് ചേര്‍ന്ന വീടുകളിലെ സ്ത്രീകളും കുട്ടികളും അടക്കം പലരും ഇന്നലെ വൈകിട്ടോടെ ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമാക്കാനുള്ള പെടാപ്പാടിലായിരുന്നു. ഇന്നലെ മല്‍സ്യതൊഴിലാളികള്‍ താനൂരില്‍ നിന്ന് കടലില്‍ പോയ പോയ അഞ്ചുപേര്‍ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്നലെ ഉച്ചക്കു ശേഷം ആരംഭിച്ച കനത്ത മഴയിലും ഇടിമിന്നലിലും തീരദേശത്ത് വൈദ്യുതബന്ധവും തകരാറിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: