ലോസ്ആഞ്ചലസ്: ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ താരം സായികോം മിരാബായ് ചനു. കര്‍ണ്ണം മല്ലേശ്വരിക്കുശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് മിരാബായ് സ്വന്തമാക്കിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഭാരോദ്വഹന ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്.
48 കിലോ വിഭാഗത്തില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 109 കിലോഗ്രാം ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്തിയ മിരാബായ് ചാനു സ്‌നാച്ചില്‍ 85 കിലോഗ്രാം ഉയര്‍ത്തി രണ്ടാമതെത്തി. ആകെ ഇരുവിഭാഗങ്ങളിലുമായി 194 കി.ഗ്രാം ഉയര്‍ത്തിയാണ് ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥകൂടിയായ മിരാബായ് പൊന്നണിഞ്ഞത്. ഈവിഭാഗത്തില്‍ പുതിയ ദേശീയ റെക്കോര്‍ഡും മിരാബായ് സ്വന്തമാക്കി. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലും മണിപ്പൂരുകാരിയായ മിരാബായ് ചനു സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്ന ചാനു എല്ലാവരെയും നിരാശപ്പെടുത്തിയിരുന്നു. ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ മൂന്നു ശ്രമവും പരാജയപ്പെട്ട് നാണക്കേടോടെയായിരുന്നു അന്ന് ചാനു കളം വിട്ടത്. അതിനുള്ള മറുപടി കൂടിയായി ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണനേട്ടം.
നേരത്തെ, ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് കൂടിയായ, കര്‍ണ്ണം മല്ലേശ്വരി 1994, 95 വര്‍ഷങ്ങളില്‍ ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയിരുന്നു.
സ്വര്‍ണ്ണം നേടിയ മിരാബായ് ചാനുവിനെ തേടി അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, പിയൂഷ് ഗോയല്‍, ബോക്‌സിങ് ഇതിഹാസം മേരി കോം, വിജേന്ദര്‍ സിങ്, ഗുസ്തി താരം വിനേഷ് പൊഗാട്ട്, ബോളിവുഡ് നടന്‍ അനുപം ഖേര്‍ തുടങ്ങി നിരവധിപേരാണ് മിരാബായിയെ അഭിനന്ദിച്ചത്.
















