മഡ്ഗാവ്: ഐഎസ്എല്ലിലെ നവാഗതരായ ബെംഗളൂരു എഫ്‌സിയുടെ കുതിപ്പിന് വിരാമം. സ്വന്തം മൈതാനത്ത് എഫ്‌സി ഗോവയാണ് ബെംഗളൂരുവിന്റെ കുതിപ്പിന് തടയിട്ടത്. ഇന്നലെ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബെംഗളൂരുവിനെ തകര്‍ത്തു.
36-ാം മിനിറ്റില്‍ ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് ചുവപ്പുകാര്‍ഡ് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. തുടര്‍ന്ന് പ്രതിരോധത്തിലെ കരുത്തന്‍ രാഹുല്‍ ബെക്കെയെ തിരിച്ചുവിളിച്ച് ഗോള്‍കീപ്പര്‍ അബ്രമൊണ്ടലിനെ ബെംഗളൂരു കളത്തിലെത്തിച്ചു. പ്രതിരോധത്തില്‍ ബെക്കെയുടെ അഭാവം ബെംഗളൂരുവിന്റെ കളിയെ കാര്യമായി ബാധിക്കുകയും ചെയ്തു.
ഗോവക്ക് വേണ്ടി സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെറാന്‍ കൊറോമിന്‍സ് ഹാട്രിക്ക് നേടി. നാലാം പതിപ്പിലെ ആദ്യ ഹാട്രിക്കാണിത്. 16, 33, 63 മിനിറ്റുകളിലായിരുന്നു ഫെറാന്റെ ഗോളുകള്‍. 40-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാനുവല്‍ ലന്‍സരോട്ടെയും ഗോവക്കായി ലക്ഷ്യം കണ്ടു. ബെംഗളൂരുവിനായി വെനസ്വേലന്‍ താരം മികു രണ്ട് ഗോളുകള്‍ നേടി. 21, 60 മിനിറ്റുകളിലായിരുന്നു മികുവിന്റെ ഗോളുകള്‍. 57-ാം മിനിറ്റില്‍ ഓസ്‌ട്രേലിയന്‍ താരം എറിക് പാര്‍ട്ടാലുവും ഒരു ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഗോവ 3-1ന് മുന്നിലായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍ മടക്കണമെന്ന ഉറച്ച വിശ്വാസത്തില്‍ പൊരുതിയതോടെ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി അവര്‍ സമനില പിടിച്ചു. എന്നാല്‍ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് ഫെറാന്‍ 63-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ വിജയം ഗോവക്ക് സ്വന്തം. മൂന്ന് മത്സരങ്ങള്‍ കളിച്ച ഗോവയുടെ രണ്ടാം വിജയമാണിത്. അത്രയും മത്സരങ്ങള്‍ കളിച്ച ബെംഗളൂരുവിന്റെ ആദ്യ പരാജയവും.
















