കൊച്ചി: സ്വപ്‌നതുല്യമായ കുതിപ്പിനൊടുവില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. അത് ചില്ലറ നേട്ടമൊന്നുമല്ല. അതിന് പിന്നില്‍ ഒരു ബുദ്ധിയും തന്ത്രവുമുണ്ട്. അത് ഡേവ് വാട്ട്‌മോര്‍ എന്ന ശ്രീലങ്കന്‍ കോച്ചിന്റേതാണ്. ശ്രീലങ്കയെ ലോകചാമ്പ്യന്മാരാക്കിയ വാട്ട്‌മോര്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, സിംബാബ്‌വെ തുടങ്ങിയ ടീമുകളെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പരിശീലിപ്പിച്ച ശേഷമാണ് കേരളത്തിന്റെ പരിശീലകനായി എത്തിയത്.
എന്നാല്‍, വാട്ട്‌മോറിനെ പരിശീലകനായി കെസിഎ നിയമിച്ചപ്പോള്‍ പലരും പലതും അടക്കം പറഞ്ഞു, കേരളത്തെ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിനാകുമോയെന്ന്. കളിക്കാരെ വിശ്വാസത്തിലെടുക്കാന്‍ വാട്ട്‌മോറിനെപ്പോലൊരാള്‍ക്കു കഴിയുമോ എന്നായിരുന്നു ആശങ്ക. സപ്തംബര്‍ മുതല്‍ രഞ്ജി സീസണ്‍ അവസാനിക്കുന്ന ഫെബ്രുവരി വരെയുള്ള ആറ് മാസത്തേക്കാണ് കെസിഎ വാട്ട്‌മോറുമായി കരാര്‍ ഒപ്പിട്ടത്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നെങ്കിലും ഇന്ത്യയില്‍ ഒരു പ്രാദേശിക ടീമിന്റെ പരിശീലക സ്ഥാനത്ത് ഇദ്ദേഹമെത്തുന്നത് ആദ്യം. ഒരു സംസ്ഥാന ടീമിന്റെ പരിശീലക സ്ഥാനത്ത് ഇത്രയും ശ്രദ്ധേയനായൊരു വിദേശ പരിശീലകന്‍ എത്തിയതും ആദ്യം.
തോല്‍ക്കാതിരിക്കുക, പറ്റിയാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുക എന്നതായിരുന്നു കഴിഞ്ഞ സീസണുകളില്‍ കേരളത്തിന്റെ ലക്ഷ്യം. ഇതില്‍ വിജയിക്കാനും കഴിഞ്ഞു. എന്നാല്‍, കഴിഞ്ഞ രണ്ട് സീസണുകളിലും ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനക്കാരായി മടങ്ങേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ഒന്‍പതു കളിയില്‍ നേടിയത് ഒരു ജയം മാത്രം. തോല്‍വിയും ഒന്നേയുള്ളൂ. ഏഴുസമനില. 2015ല്‍ എട്ടുകളികളില്‍ രണ്ടു ജയവും രണ്ടു തോല്‍വിയും നാലു സമനിലയും.
എന്നാല്‍, വാട്ട്‌മോര്‍ ചുമതലയേറ്റെടുത്തശേഷം കളിയും കളിക്കാരുടെ മാനോനിലയും മാറി. തോല്‍ക്കാതിരിക്കാന്‍ വേണ്ടി കളിക്കുന്ന സംഘം എന്ന നിലയില്‍ നിന്ന് ഏതു വെല്ലുവിളിയും ചങ്കൂറ്റത്തോടെ നേരിട്ട് വിജയിക്കുക എന്നതായി ടീമിന്റെ ലക്ഷ്യം. അതിന്റെ പ്രതിഫലനമാണ് ഈ സീസണിലെ കേരള കുതിപ്പ്. രഞ്ജി ട്രോഫിയിലെ മത്സരക്രമം ഉടച്ചുവാര്‍ത്തപ്പോള്‍ മരണഗ്രൂപ്പിലായെങ്കിലും ആറില്‍ അഞ്ചു വിജയവുമായി തലയുയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞതും ഈ ചങ്കുറപ്പുകൊണ്ടാണ്.
കേരളത്തിന്റെ കുതിപ്പില്‍ കടപുഴങ്ങിയത് മുന്‍ ചാമ്പ്യന്മാരായ ഹരിയാന, രാജസ്ഥാന്‍, മുന്‍ റണ്ണറപ്പുകളായ സൗരാഷ്‌ട്ര എന്നിവര്‍. തോറ്റത് ഗുജറാത്തിനോട്.
കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റശേഷം ശ്രീലങ്കയെയും ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും പരിശീലിപ്പിച്ച തന്ത്രങ്ങളൊന്നുമല്ല പുറത്തെടുത്ത്. പകരം കളിക്കാര്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തു. ഒപ്പം സ്വന്തം കഴിവില്‍ വിശ്വസിക്കാനും ജയിക്കണമെന്ന നിശ്ചയദാര്‍ഢ്യം കളിക്കാര്‍ക്ക് പകര്‍ന്നുകൊടുക്കാനും വാട്ട്‌മോറിന് കഴിഞ്ഞു. അതിന്റെ പരിണതഫലമാണ് കേരളത്തിന്റെ ഈ അവിശ്വസനീയ കുതിപ്പ്.
















