കോട്ടയം: നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന 1200 ഏക്കറോളം വരുന്ന പാടശേഖരങ്ങളില്‍ വിത മഹോത്സവം ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.
ഇതാദ്യമായാണ് മൂന്നു പഞ്ചായത്തുകളിലെ തരിശു പാടശേഖരങ്ങളില്‍ ഒന്നിച്ച് കൃഷിയിറക്കുന്നത്. മണര്‍കാട് നാലുമണിക്കാറ്റിനു സമീപം വിതമഹോത്സവത്തിനായി ഒരുക്കുന്ന പാടശേഖരവും സമീപ പാടശേഖരങ്ങളും സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി ഒരുക്കങ്ങള്‍ വിലയിരുത്തി. കര്‍ഷകര്‍ സമൂഹത്തിനായി ജീവിക്കുന്നവരാണെന്ന തിരിച്ചറിവ് തരിശുനിലകൃഷിയെ കൂടുതല്‍ ജനകീയമാക്കിയിട്ടുണ്ട്. നാടിന്റെ നല്ല മാറ്റത്തില്‍ പങ്കാളിയാകാന്‍ ലഭിച്ച അവസരമായി ഇതിനെ കാണണമെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. മണര്‍കാട്, വിജയപുരം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ 15 വര്‍ഷമായി തരിശുകിടന്ന പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്. മീനച്ചിലാര്‍-കൊടൂരാര്‍-മീനന്തലയാര്‍ നദീ സംയോജനത്തിന്റെ ഭാഗമായി കൈത്തോടുകളുടെ പുനര്‍ജീവനം സാദ്ധ്യമായതിലൂടെയാണ് പാടശേഖരങ്ങള്‍ കൃഷിയിറക്കാന്‍ സജ്ജമായത്.
ആറുമാനൂരില്‍ നിന്ന് ആരംഭിച്ച് മീനച്ചിലാറില്‍ ചേരുന്ന മുണ്ടിത്തോട്, ചൊറിച്ചിത്തോട്് പുനര്‍ജീവനം അമയന്നൂര്‍ മില്‍ വരെയുള്ള ഏഴു കിലോമീറ്റര്‍ സ്ഥലം കൃഷിയോഗ്യമായി കഴിഞ്ഞു. ഐരാറ്റുനടത്തോടിന്റെ ശുചീകരണവും വഴിതെളിക്കലും നാലുമണിക്കാറ്റ് പാര്‍ക്കിന് സമീപമുള്ള പാടശേഖരങ്ങളുടെ ഒരു കിലോമീറ്റര്‍ അടുത്തു വരെ പൂര്‍ത്തിയായിട്ടുണ്ട്. പാടങ്ങളിലേയ്‌ക്ക് വെള്ളമെത്താന്‍ വഴിതെളിഞ്ഞതോടെയാണ് കൃഷിയും തിരിച്ചു വരുന്നത്.
ആദ്യഘട്ട വിതയ്‌ക്കുള്ള വിത്തും എത്തിക്കഴിഞ്ഞു. 1200 ഏക്കറില്‍ കൃഷിയിറക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളം വറ്റിച്ച് നിലം ഒരുക്കുന്നതുവരെയുള്ള പ്രവൃത്തികള്‍ ജനപങ്കാളിത്തത്തോടെയാണ് നടത്തുന്നത്. കൂടാതെ കൃഷിയിറക്കുന്ന കര്‍ഷകന് ഹെക്ടറിന് 25000 രൂപ ധനസഹായം കൃഷി വകുപ്പ് നല്‍കും. പുല്ലു നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായി വരുന്നത്. തയ്യാറാക്കുന്ന പാടശേഖരങ്ങളില്‍ 30 ശതമാനം നിലത്ത് ഉടമകള്‍ നേരിട്ട് കൃഷിയിറക്കും. ബാക്കി നിലങ്ങളില്‍ വിവിധ സംഘടനകളും കര്‍ഷകരും പാട്ടത്തിനെടുത്ത് കൃഷിയിറക്കും.
















