ബ്രിസ്ബന്‍: ആവേശ ഭരിതമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് വിജയപ്പടിവാതിലില്‍. അവസാന ദിനത്തെ കളിശേഷിക്കെ അവര്‍ക്ക് ജയത്തിലേക്കുളള ദൂരം കേവലം 56 റണ്‍സ്് മാത്രം. രണ്ടാം ഇന്നിങ്ങ്‌സിലെ പത്ത് വിക്കറ്റും പോക്കറ്റിലുണ്ട്്.
നൂറ്റിഏഴുപതു റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിക്കുന്ന ഓസീസ് നാലാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 114 റണ്‍സെന്ന ഭദ്രമായ നിലയിലാണ്. അര്‍ധ ശതകം കടന്ന ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും (51) ഉപനായകന്‍ ഡേവിഡ് വാര്‍ണറും (60) കളിക്കളത്തിലുണ്ട്്.
ആദ്യ ഇന്നിങ്ങ്‌സിലേതുപോലെ രണ്ടാം ഇന്നിങ്ങ്‌സിലും മധ്യനിര തകര്‍ന്നതോടെ ഇംഗ്ലണ്ട് 195 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണ് ഓസീസിന് വിജയ പ്രതീക്ഷയായത്.
നാലാം ദിനത്തില്‍ ആദ്യ ഇടവേളയ്‌ക്ക് പത്ത്് മിനിറ്റുള്ളപ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ട് (51) പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങി. ശക്തമായി ചെറുത്തു നിന്ന അലിയും (40) ബെയര്‍സ്‌റ്റോയും (42) വീണതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൂര്‍ണമായി-195 റണ്‍സിന് ഏല്ലാവരും പുറത്ത്. ഇതോടെയാണ് ഓസീസിന്റെ വിജയലക്ഷ്യം 170 റണ്‍സായത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഓസ്‌ട്രേലിയ 26 റണ്‍സ് ലീഡ് നേടിയിരുന്നു. സ്‌കോര്‍ : ഇംഗ്ലണ്ട് 302, 195. ഓസ്‌ട്രേലിയ 328, വിക്കറ്റ് നഷ്ടം കൂടാതെ 114.
പേസര്‍മാരായ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ്, സ്പിന്നര്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. പാറ്റ് കുമിന്‍സ് ഒരു വിക്കറ്റെടുത്തു.
















