ദേശീയതലത്തില്‍ അണ്ടര്‍ഗ്രാഡുവേറ്റ് പ്രൊഫഷണല്‍ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ പ്രോഗ്രാമുകളില്‍ (ബിഇ/ബിടെക്/ബി.ആര്‍ക്/ബി.പ്ലാനിംഗ്) 2018 വര്‍ഷത്തെ പ്രവേശനത്തിനായി സിബിഎസ്ഇയുടെ ആറാമത് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ മെയിന്‍ 2018) ഏപ്രില്‍ മാസത്തില്‍ നടക്കും. പെന്‍ ആന്റ് പേപ്പര്‍ അധിഷ്ഠിത പരീക്ഷ ഏപ്രില്‍ 8 ഞായറാഴ്ചയും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഏപ്രില്‍ 15, 16 (ഞായര്‍, തിങ്കള്‍) തീയതികളിലായാണ് നടത്തുക.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എന്‍ഐടികള്‍), ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട്സ്് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടികള്‍), കേന്ദ്ര ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള പ്രവേശനത്തിനാണ് ‘ജെഇഇ മെയിന്‍ 2018’ സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ പ്രവേശനപരീക്ഷ നടത്താത്ത മധ്യപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഒഡീഷ, നാഗാലാന്റ് മുതലായ സംസ്ഥാനങ്ങളിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനും ജെഇഇ മെയിന്‍ റാങ്ക് പരിഗണിക്കും.
ദേശീയനിലവാരമുള്ള മുന്‍നിര സ്ഥാപനങ്ങളില്പ്പെടുന്ന കോഴിക്കോട്, തിരുച്ചിറപ്പള്ളി ഉള്‍പ്പെടെ രാജ്യത്തെ എന്‍ഐടികളിലും മറ്റും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ് എന്‍ജിനീയറിംഗ്/ടെക്നോളജി പഠനത്തിന് എത്തുന്നത്. അതുകൊണ്ടുതന്നെ ജെഇഇ മെയിന്‍ അഭിമുഖീകരിക്കുന്നതില്‍ നല്ലൊരു പങ്കും മിടുക്കന്മാരും മിടുക്കികളുമാണ്. മാത്രമല്ല എന്‍ജിനീയറിംഗ് ഉന്നതവിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലേക്കുള്ള (ഐഐടികള്‍) ആദ്യകടമ്പകൂടിയാണിത്. ജെഇഇ മെയിനില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന അക്കാദമിക് മികവുള്ളവര്‍ക്കാണ് ഐഐടി പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയെ നേരിടാന്‍ അര്‍ഹതയുള്ളത്. ജെഇഇ അഡ്വാന്‍സ്ഡ് 2018 കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മേയ് 20 ഞായറാഴ്ച നടക്കും.
പരീക്ഷ: ജെഇഇ മെയിന്‍ 2018 പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ഉണ്ട്. പേപ്പര്‍ ഒന്ന് ബിഇ/ബിടെക് കോഴ്സുകളില്‍ പ്രവേശനത്തിനുള്ളതാണ്. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. പേപ്പര്‍ ഒന്ന് പെന്‍ ആന്റ് പേപ്പര്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിതം എന്നിങ്ങനെ രണ്ട് രീതിയിലുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പേപ്പര്‍ രണ്ട് ബി ആര്‍ക്/ബി.പ്ലാനിംഗ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ളതാണ്. മാത്തമാറ്റിക്സ്, ആപ്ടിട്യൂഡ്, ഡ്രോയിംഗ് ടെസ്റ്റുകള്‍ അടങ്ങിയതാണിത്. പേപ്പര്‍ രണ്ട് പെന്‍ ആന്റ് പേപ്പര്‍ മാതൃകയില്‍ മാത്രമാണുള്ളത്. ഓരോ പേപ്പറിനും മൂന്ന് മണിക്കൂര്‍ വീതം സമയം അനുവദിക്കും.
രാവിലെ 9.30 മുതല്‍ 12.30 മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 മണിവരെയുമാണ് പരീക്ഷ. ജെഇഇ മെയിന്‍ 2018 നടത്തുന്നത് സിബിഎസ്ഇ ആണ്. പരീക്ഷാ ഫലം സീറ്റ് അലോക്കേഷന് ബോര്‍ഡിന് കൈമാറും. എന്‍ട്രന്‍സ് പരീക്ഷാ സിലബസ് വെബ്സൈറ്റിലുണ്ട്.
കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, എറണാകുളം/കൊച്ചി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ചെങ്ങന്നൂര്‍, ഇടുക്കി, കാഞ്ഞിരപ്പള്ളി, കാസര്‍കോഡ്, കോതമംഗലം, മൂവാറ്റുപുഴ, പത്തനംതിട്ട എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. കൂടുതല്‍ കേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. എന്നാല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പെന്‍ ആന്റ് പേപ്പര്‍ അധിഷ്ഠിത പരീക്ഷയുള്ളത്. ലക്ഷദ്വീപില്‍ കവരത്തിയാണ് പരീക്ഷാകേന്ദ്രം. ഇന്ത്യക്കകത്തും പുറത്തുമുള്ള 258 പരീക്ഷാകേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡ് 2018 മാര്‍ച്ച് രണ്ടാം വാരം ഡൗണ്‍ലോഡ് ചെയ്യാം.
ജെഇഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ബിഇ/ബിടെക് കോഴ്സുകള്‍ക്കും ബിആര്‍ക്/ബി.പ്ലാനിംഗ് കോഴ്സുകള്‍ക്കും പ്രത്യേകം ഓള് ഇന്ത്യാ റാങ്ക്ലിസ്റ്റ് തയ്യാറാക്കും. റാങ്കിംഗ് നിശ്ചയിക്കുന്നതില്‍ പ്ലസ് ടു മാര്‍ക്കിന് യാതൊരു വെയിറ്റേജുമില്ല. അലോക്കേഷന്, അഡ്മിഷന് നടപടിക്രമങ്ങള്‍ യഥാസമയം വെബ്സൈറ്റില്‍ ലഭ്യമാകും.
ഐഐടികളില്‍ പ്രവേശനമാഗ്രഹിക്കുന്ന ജെഇഇ മെയിനില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുന്നവര്ക്കായുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2018 മേയ് 20 ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും. ഐഐടികളാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഇതിലും രണ്ട് പേപ്പറുകളുണ്ടാവും. പേപ്പര്‍ ഒന്ന് രാവിലെ 9 മുതല്‍ 12 മണിവരെയും പേപ്പര്‍ രണ്ട് ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 5 മണിവരെയുമാണ്. ഇക്കുറി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി മാത്രമാണ് ഈ പരീക്ഷ നടത്തുക. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.jeeadv.ac.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
പരീക്ഷാ ഫീസ്: ജെഇഇ മെയിന്‍ 2018 പെന്‍ ആന്റ് പേപ്പര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് അല്ലെങ്കില്‍ രണ്ടിന് ജനറല്‍/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് 1000 രൂപയും പെണ്‍കുട്ടികള്‍ക്ക് 500 രൂപ രൂപയുമാണ്. രണ്ട് പേപ്പറുകള്‍ക്കുകൂടി യഥാക്രമം 1800 രൂപ, 900 രൂപ എന്നിങ്ങനെ നല്കിയാല് മതി. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ഓരോ പേപ്പറിനും 500 രൂപ വീണ്ടും രണ്ട് പേപ്പറുകള്‍ക്കുംകൂടി 900 രൂപ വീതവും ആണ്-പെണ് വ്യത്യാസമില്ലാതെ നല്‍കണം.
വിദേശത്ത് പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കുന്ന ആണ്‍കുട്ടികള്‍ ഓരോ പേപ്പറിനും 2500 രൂപയും പെണ്‍കുട്ടികള്‍ 1250 രൂപയും (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ 1250 രൂപ വീതം മതി) നല്‍കണം. രണ്ട് പേപ്പറുകള്‍ക്കുംകൂടി യഥാക്രമം 3800 രൂപ, 1900 രൂപ (എസ്സി/എസ്ടി/പിഡബ്ല്യുഡികാര് 1900 രൂപ) എന്നിങ്ങനെ നല്കിയാല് മതി.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് ജനറല്‍/ഒബിസി വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ 500 രൂപയും പെണ്‍കുട്ടികള്‍ 250 രൂപയും ഫീസ് അടച്ചാല്‍ മതി. രണ്ട് പേപ്പറുകള്‍ക്കുംകൂടി യഥാക്രമം 1300 രൂപ, 650 രൂപ എന്നിങ്ങനെ നല്‍കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ആണ്/പെണ് വ്യത്യാസമില്ലാതെ ഓരോ പേപ്പറിനും 250 രൂപ അടച്ചാല്‍ മതി. രണ്ട് പേപ്പറുകള്‍ക്കുംകൂടി 650 രൂപയാണ് അടയ്ക്കേണ്ടത്.
വിദേശത്ത് പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നപക്ഷം ജനറല്‍/ഒബിസി വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ ഓരോ പേപ്പറിനും 2500 രൂപയും പെണ്‍കുട്ടികള്‍ 1250 രൂപയും (എസ്സി/എസ്ടി/പിഡബ്ല്യുഡികാര് 1250 രൂപയും) രണ്ട് പേപ്പറുകള്‍ക്കുംകൂടി യഥാക്രമം 3800 രൂപ, 1900 രൂപ (എസ്സി/എസ്ടി/പിഡബ്ല്യൂഡി-1900) എന്നിങ്ങനെ അടയ്ക്കണം. പരീക്ഷാ ഫീസ് നിരക്കുകളും അടയ്ക്കേണ്ട രീതിയും വെബ്സൈറ്റിലുണ്ട്. ജനുവരി 2 വരെ ഫീസ് അടയ്ക്കാം.
യോഗ്യത: അപേക്ഷകര്‍ 1993 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 1988 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായാലും അപേക്ഷിക്കാം. 2016 അല്ലെങ്കില്‍ 2017 ല്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവരോ 2018 ല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരോ ആണ് അപേക്ഷിക്കേണ്ടത്. പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി വിഷയങ്ങളില്‍ പാസായവരാകണം. എന്നാല്‍ ഐഐടികള്‍, എന്‍ഐടികള്‍, ഐഐഐടികള്‍, സിഎഫ്ടിഐകള് മുതലായ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷക്ക് 75 % ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ്ടി/എസ്ടിക്കാര്‍ക്ക് 65 % മതി) നേടി വിജയിച്ചിരിക്കണമെന്നുണ്ട്. ബി-ആര്‍ക്/ബി.പ്ലാനിംഗ് കോഴ്സുകള്‍ക്ക് മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ www.jeemain.nic.in എന്ന വെബ്സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ജെഇഇ മെയിന്‍ അഭിമുഖീകരിക്കുന്നതിന് മൂന്നുതവണ മാത്രമേ അനുവാദമുള്ളൂ.
അപേക്ഷ: ജെഇഇ മെയിന്‍ 2018 നുള്ള ഓണ്‍ലൈന്‍ അപേക്ഷ www.jeemain.nic.in- എന്ന വെബ്സൈറ്റിലൂടെ 2017 ഡിസംബര്‍ ഒന്ന് മുതല്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ സമര്‍പ്പണത്തിന് ആധാര്‍ വേണം. 2018 ജനുവരി ഒന്നുവരെ അപേക്ഷാ സമര്‍പ്പണത്തിന് സമയമുണ്ട്. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ നിര്‍ദ്ദേശങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട രീതി എന്നിവ മനസിലാക്കി വേണം അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്.
ഒരാള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയോ പെന്‍ ആന്റ് പേപ്പര്‍ പരീക്ഷയോ തെരഞ്ഞെടുക്കാം. വ്യത്യസ്ത വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും പരീക്ഷാ ഫീസുകളുമാണ് ഈ രണ്ട് രീതിയിലുമുള്ള പരീക്ഷകള്ക്കുമുള്ളത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും നിരന്തരം www.jeemain.nic.in- എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
ജെഇഇ മെയിന്‍ 2018 ഓള് ഇന്ത്യ റാങ്ക്ലിസ്റ്റില്നിന്നും 31 എന്‍ഐടികളിലും 20 ഐഐഐടികളിലും 22 കേന്ദ്രഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും മറ്റ് നിരവധി സ്ഥാപനങ്ങളിലുമാണ് അണ്ടര്‍ ഗ്രാഡുവേറ്റ് എന്‍ജിനീയറിംഗ്/ടെക്നോളജി/ആര്‍ക്കിടെക്ചര്‍/പ്ലാനിംഗ് കോഴ്സുകളില്‍ പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: