നാഗ്പൂര്‍: നാല് സെഞ്ചുറികള്‍. 405 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡ്. ലങ്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പ്രകടനമാണിത്.
നിലവിലെ ലങ്കന്‍ ടീമിന്റെ പ്രകടനം കണക്കിലെടുത്താല്‍ എത്തി പിടിക്കാന്‍ പറ്റാവുന്ന സ്ക്കോറല്ല ഇത്. ഫോമിലുള്ള ഇന്ത്യന്‍ ബോളര്‍മാരെ രണ്ടു ദിവസം നേരിട്ട് തോല്‍ക്കാതിരിക്കുകയെന്നത് മാത്രമാണ് ഏക വഴി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ലങ്കയുടെ ഒരു വിക്കറ്റ് ഇതിനകം നിലപതിക്കുകയും ചെയ്തു. ഓപ്പണര്‍ സദീര സമരവിക്രമയാണ് പുറത്തായത്. ഇഷാന്ത് ശര്‍മയുടെ ഇന്‍സിംഗര്‍ മനസിലാക്കാതെ ലീവ് ചെയ്ത സമരവിക്രമയുടെ ബെയ്ല്‍സ് വായുവില്‍ ചിതറിത്തെറിച്ചു. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പായിരുന്നു സമരവിക്രമ വീണത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ലങ്ക ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യന്‍ സ്‌കോറിനു അടുത്തെങ്കിലുമെത്താന്‍ ഇനിയും 384 റണ്‍സുകൂടി ലങ്കയ്‌ക്കുവേണം. ഡിമുത് കരുണരത്‌നയും (11) ലഹിരു തിരുമന്നെയുമാണ് (9) ക്രീസില്‍.
രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഡിക്ലയര്‍ ചെയ്യാനുള്ള നായകന്റെ തീരുമാനത്തിനു മൂന്നാം ദിനം വിലങ്ങുതടിയായത്. തുടക്കത്തില്‍ വിരാട് കോഹ്ലിയുടെ നിഴലിലായിരുന്നെങ്കിലും നായകന്‍ പുറത്തായശേഷം രോഹിതിന്റെ സെഞ്ചുറി നേട്ടമായിരുന്നു ഇന്ത്യയുടെ പ്രധാന കടന്പ. കോഹ്ലി പുറത്താകുന്‌പോള്‍ 81 റ ണ്‍സ് നേടിയിരുന്ന രോഹിത് അധികം താമസിയാതെ മൂന്നക്കത്തിലേക്കു കുതിച്ചെത്തിയതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ശ്രീലങ്കയ്‌ക്കു മുന്നില്‍ 405 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്.
നാലു ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറി നേടിയതോടെയാണ് 610/6 എന്ന നിലയിലേക്ക് ഇന്ത്യ കുതിച്ചത്. ഇത് മൂന്നാം തവണയാണ് ഒരു ഇന്നിംഗ്‌സില്‍ നാല് ഇ ന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ചുറി തികയ്‌ക്കുന്നത്. കോഹ്ലി(213), പുജാര(143), മുരളി വിജയ്(128), രോഹിത് ശര്‍മ(102*) എന്നിവരുടെ സെഞ്ചുറികള്‍ക്ക് ഇനി ലങ്ക മറുപടി നല്‍കണം. ഇനി ലീഡിലേക്കു മുന്നേറിയാലും ഇന്ത്യക്ക് ഒരു ഇന്നിംഗ്‌സ് കൂടി ശേഷിക്കുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയുടെ അഞ്ചാം ഇരട്ട സെഞ്ചുറിയാണ് നാഗ്പൂരില്‍ കുറിച്ചത്. കോഹ്ലിയുടെ ടെസ്റ്റ് കരിയറിലെ 19-ാം സെഞ്ചുറിയും അഞ്ചാം ഇരട്ട സെഞ്ചുറിയുമായിരുന്നു ഇത്. കോഹ്ലി, പുജാര, രഹാനെ എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. മുരളി വിജയ് രണ്ടാം ദിനം തന്നെ സെഞ്ചുറി നേടി പുറത്തായിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 205ന് പുറത്തായി.
















