”കഴിഞ്ഞ നാല്പതു വര്‍ഷം സ്വപ്നസമാനമായ ജീവിതമായിരുന്നു. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു സിനിമാതാരമാകണമെന്ന് ആഗ്രഹിച്ചതേയില്ല. നാടകത്തിലായിരുന്നു കമ്പം. നാടകമാണ് സിനിമയിലേക്ക് വഴിയൊപ്പിച്ചത്. ‘അവനവന് കടമ്പ’ നാടകം ജി. അരവിന്ദനാണ് ചെയ്തത്. അതിലൂടെയുണ്ടായ ആത്മബന്ധം സിനിമയിലേക്കെത്തിക്കുകയായിരുന്നു. അരവിന്ദന്റെ ‘തമ്പി’ല്‍ അഭിനയിച്ചത് അങ്ങനെയാണ്. തമ്പില്‍ തുടങ്ങിയ ജീവിതം നാല്പതുവര്ഷം കഴിഞ്ഞു എന്ന് വിശ്വസിക്കാനാകുന്നില്ല. ഇടയ്ക്ക് സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോഴാണ് ഞാന്‍ തനി കുട്ടനാട്ടുകാരനാകുന്നത്. ഞാറ്റുപാട്ടിന്റെയും വള്ളംകളിയുടെയും ഈണത്തിലും ബഹളത്തിലും ജീവിക്കുന്ന തനി കുട്ടനാട്ടുകാരന്….”
തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിനടുത്തുള്ള തമ്പ് എന്ന വീട്ടിലിരുന്ന് നെടുമുടിവേണു സംസാരിക്കുന്നു. അഭിനയ ജീവിതം നാലുപതിറ്റാണ്ട് പിന്നിട്ടത് ആഘോഷമാക്കാന്‍ സുഹൃത്തുക്കളും ആസ്വാദകരും ഒരുക്കങ്ങള്‍ നടത്തുമ്പോഴും നെടുമുടിയുടെ മനസ്സില്‍ ആഘോഷങ്ങളില്ല. നാല്പതു വര്‍ഷം മലയാള സിനിമയില്‍ സജീവമായി നില്ക്കാന് കഴിയുന്നത് പ്രധാനപ്പെട്ട കാര്യമല്ലേയെന്നു ചോദിച്ചപ്പോഴും ഉത്തരമുണ്ടായിരുന്നു.
”ആയിരിക്കാം. വിവിധ തരക്കാര്‍ തിങ്ങിക്കൂടി നില്‍ക്കുന്നയിടമാണ് സിനിമ. പല സ്വഭാവത്തിലുള്ളവരുണ്ട്. ഓരോദിവസവും പുതിയ അഭിനേതാക്കളെത്തുന്നു. എങ്ങനെയും സിനിമയില്‍ കയറിക്കൂടാന്‍ കാത്തുനില്ക്കുന്ന വലിയ കൂട്ടം പുറത്തുമുണ്ട്. സിനിമയില്‍ ആരും അനിവാര്യരല്ല. ഇന്ന് താരമായി നില്ക്കുന്നവര് നാളെ ഒന്നുമല്ലാതാകാം. കഴിവുള്ളവരും പുറത്താക്കപ്പെടാം. അങ്ങനെയുള്ള പരിതസ്ഥിതിയില്‍ നാല്പതു വര്‍ഷം പിടിച്ചു നില്ക്കാന് കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്. പലരുടെയും സഹായവും ഈശ്വരനിശ്ചയവുമൊക്കെയുണ്ട്. കൂടാതെ ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതും കാരണമാണ്. ഇനിയും പ്രായത്തിനും ആരോഗ്യത്തിനുമിണങ്ങുന്ന കഥാപാത്രങ്ങള്‍ ലഭിക്കണമെന്നാണാഗ്രഹം….”
മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് നെടുമുടിവേണുവെന്ന വിശേഷണം ആലങ്കാരികമായി പറയുന്നതല്ല. നെടുമുടിക്ക് സമാനനായി അദ്ദേഹം മാത്രമേയുള്ളു. മറ്റാര്‍ക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളി മനസ്സില്‍ ഇടം നേടിയത്. 1978ല്‍ ജി. ആരവിന്ദന്‍ സംവിധാനം ചെയ്ത ‘തമ്പ്’ ആണ് ആദ്യ സിനിമ. പുരസ്കാരങ്ങള്‍ ഏറെ വാങ്ങിക്കൂട്ടിയ ഈ സിനിമയില്‍ നെടുമുടിക്കൊപ്പം ഭരത്ഗോപി, ജലജ, വി.കെ.ശ്രീരാമന് എന്നിവരും വേഷമിട്ടു. തമ്പ് മുതല്‍ ‘ഉദാഹരണം സുജാത’വരെയുള്ള ചലച്ചിത്രങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ വ്യത്യസ്തങ്ങളായ വിഷപ്പകര്‍ച്ചയാല്‍ സമ്പന്നമാണ് നെടുമുടിയുടെ ജീവിതമെന്നുകാണാം. ഒന്നും ആവര്‍ത്തിക്കപ്പെടുന്നില്ല. അച്ഛനും അപ്പുപ്പനും നമ്പൂതിരിയും രാജാവുമെല്ലാമായി നിരവധി സിനിമകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഓരോന്നിനും വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകളാണ് അദ്ദേഹം നല്‍കാറ്. മറ്റാര്‍ക്കും അനുഭവിപ്പിക്കാന്‍ കഴിയാത്ത രസവും സൂക്ഷ്മതയും നെടുമുടിയുടെ കഥാപാത്രത്തിനുണ്ടാകും.
”കഥാപാത്രങ്ങളെ എഴുത്തുകാരും സംവിധായകരുമാണ് സൃഷ്ടിക്കുന്നത്. നമ്മളിലൂടെ അത് പ്രതിഫലിക്കുന്നു എന്നുമാത്രം. അവര്‍ പറയുന്നതു പോലെ മാത്രം ചെയ്യുമ്പോഴല്ല നല്ല കഥാപാത്രങ്ങളുണ്ടാകുന്നത്. നമ്മളുടേതായ സംഭാവനയുമതിലുണ്ടാകും. ഞാനവതരിപ്പിച്ച കഥാപാത്രങ്ങളിലെല്ലാം സമൂഹത്തില്‍ നിന്ന് സ്വാംശീകരിച്ചതിന്റെ അംശവുമുണ്ട്. യാത്രകളിലോ ജീവിതത്തിലോ കണ്ടിട്ടുള്ളവരുടെ സ്വഭാവം കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കാറുണ്ട്. ‘ആലോല’ത്തിലെ കുട്ടന് തമ്പുരാനും ‘ഭരത’ത്തിലെ കല്ലൂര്‍ രാമനാഥനും ‘തീര്‍ത്ഥ’ത്തിലെ വിഷ്ണു നമ്പൂതിരിയും ‘ഭാഗ്യദേവത’യിലെ ഫോട്ടോഗ്രഫറും ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിലെ രാവുണ്ണിനായരും ജലോത്സവത്തിലെ ആലക്കല്‍ ഗോവിന്ദനാശാനുമെല്ലാം സമൂഹത്തിന്റെ പ്രതിനിധികളാണ്. അവരോടെല്ലാം ഇടപെട്ടതിന്റെ അനുഭവത്തില്‍ നിന്നാണ് അത്തരം കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കാനായത്…”
അടിമുടി കലാകാരനാണ് നെടുമുടി വേണു. നാടന്‍ പാട്ടും തനതുനാടകവും കഥകളിയും മൃദംഗവായനയുമെല്ലാമുണ്ട്. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളില്‍ പ്രവര്‍ത്തിച്ചതാണ് വേണുവിലെ നടന് സിനിമാക്കാരനാകാന്‍ കാരണം. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. നാടകക്കാരനായും പത്രപ്രവര്‍ത്തകനുമായാണ് തിരുവനന്തപുരത്തെത്തുന്നത്. അവിടെവച്ചാണ് പദ്മരാജനുമായുള്ള ബന്ധം സജീവമാകുന്നത്. മോഹന്‍, ഭരതന്, പ്രിയദര്ശന് തുടങ്ങിയവരും ചങ്ങാതിമാരായി. പദ്മരാജന്റെ കള്ളന്‍പവിത്രനിലെ പവിത്രനായും ഒരിടത്തൊരു ഫയന്‍വാനിലെ ഗുസ്തിക്കമ്പക്കാരനായ മേസ്ത്രിയായും വെള്ളിത്തിരയില്‍ നെടുമുടി തിളങ്ങി. പിന്നീടിങ്ങോട്ട് നെടുമുടിക്കാരന്‍ കെ. വേണുഗോപാല്‍ നെടുമുടിവേണുവായി പടയോട്ടം നടത്തുകയായിരുന്നു.
”സിനിമയെ തൊഴിലായും കര്‍മ്മമായും കാണുകയാണ് ചെയ്യുന്നത്. കര്‍മ്മമായി കണ്ട് സമര്‍പ്പിക്കുമ്പോഴാണ് നല്ല സിനിമകളുണ്ടാകുന്നത്. അത്തരം സിനിമകളാണ് എണ്ണപ്പെടുന്ന ചലച്ചിത്രങ്ങളായി മാറുന്നത്. നാല്പതു വര്‍ഷങ്ങള്‍ സിനിമയില്‍ നിപ്പോള്‍ ധാരാളം ജീവിതങ്ങള്‍ നമ്മളിലൂടെ കടന്നു പോയി. നാല്പതു വര്‍ഷം കലാരംഗത്ത് വലിയ കാലയളവൊന്നുമല്ല. തൊണ്ണൂറാം വയസ്സിലും വേഷം കെട്ടിയാടുന്ന പ്രശസ്തരായ കഥകളി നടന്മാരില്ലേ. തൊണ്ണൂറാം വയസ്സിലും കച്ചേരികള്‍ നടത്തുന്ന സംഗീതജ്ഞരില്ലേ. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. ഇവിടെ നാല്പതാണ്ട് പിടിച്ചു നില്‍ക്കുന്നത് പ്രയാസമേറിയകാര്യമാണ്. പക്ഷേ ഇക്കാലം കടന്നു പോയത് ഞാനറിഞ്ഞിട്ടേയില്ല. കാരണം, കഥാപാത്രങ്ങള്‍ക്കൊപ്പമായിരുന്നു ജീവിതം. കഥാപാത്രങ്ങളില്‍ നിന്ന് ഇടയ്ക്കിറങ്ങിവരുമ്പോള്‍ കുട്ടനാട്ടുകാരനാകും. അപ്പോള്‍ സിനിമയില്ല. ജീവിതം മാത്രമേ ഉണ്ടാകൂ…”
പലര്‍ക്കും സിനിമ പ്രശസ്തിക്കും പണത്തിനും വേണ്ടിയുള്ള മാര്‍ഗ്ഗമാണ്. സിനിമയിലേക്കെത്തിപ്പെടാന്‍ കാത്തുകിടക്കുന്നവരുടെ വലിയ നിര എപ്പോഴും ഉണ്ടാകുന്നതും അതിനാലാണ്. സിനിമയിലെത്തി കുറച്ചു പണമുണ്ടായാല് മറ്റ് ബിസിനസുകളിലേക്ക് കടക്കുന്നവരാണ് ഇന്നത്തെ നടന്മാരില് ഭൂരിപക്ഷവും. നടനെന്ന പദവി ഉപയോഗിച്ച് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കും. എന്നാല്‍ നെടുമുടിവേണുവിന് അന്നും ഇന്നും സിനിമ മാത്രമേയുള്ളു. സിനിമയില്‍ നിന്ന് നേടിയതു മാത്രം. സിനിമയ്ക്ക് വേണ്ടിമാത്രം ജീവിതം. സിനിമയോടൊത്തുള്ള ജീവിതം.
”എല്ലാവര്ക്കും സിനിമയെ കര്‍മ്മമായി കാണാനാകില്ല. പണം ധാരാളം മുടക്കുമുതലുള്ള വലിയ വ്യവസായമാണിത്. കലയ്ക്കു വേണ്ടി സിനിമയെടുക്കുന്നവര്‍ വിരളം. കലയില്‍ കമ്പം കയറിവരുന്നവര്‍ പോലും ആദ്യ സിനിമയില്‍ ലാഭം കിട്ടിയില്ലെങ്കില്‍ രണ്ടാമതൊന്നിനുവേണ്ടി ശ്രമിക്കില്ല. നിര്‍മ്മാതാക്കളും വിതരണക്കാരും തീയറ്ററുകാരുമെല്ലാം ലാഭത്തിനായാണ് സിനിമയെടുക്കുന്നത്. എനിക്ക് ആവശ്യങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട് സിനിമയില്‍ മാത്രം ഉറച്ചു നിന്നു. മറ്റ് വ്യവസായങ്ങള്‍ ചെയ്ത് ലാഭം ഉണ്ടാക്കാനുള്ള മനസ്സ് എനിക്കില്ലായിരുന്നു. കൂടുതല്‍ പണം വേണമെന്ന് തോന്നിയിട്ടില്ല. മക്കളെ ആവഴിക്ക് വിടണമെന്നും തോന്നിയില്ല. ആദ്യമൊക്കെ അഭിനയത്തിന് പ്രതിഫലം ചോദിച്ചു വാങ്ങുകപോലുമില്ലായിരുന്നു. തരുന്നത് വാങ്ങും. പലരും വഴക്ക് പറഞ്ഞിട്ടുണ്ട്. നെടുമുടി പ്രതിഫലം കുറച്ചു വാങ്ങുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ വാങ്ങാന്‍ പറ്റുന്നില്ലെന്ന് പറയും. കൂടുതല്‍ പണം ചോദിച്ചു വാങ്ങണമെന്ന് പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. വാങ്ങാതിരുന്നതുകൊണ്ട് ഒരിക്കലും എനിക്ക് നഷ്ടം ഉണ്ടായിട്ടില്ല. സിനിമയില്‍ നിന്നുള്ള വരുമാനത്തിന്റെ ഗ്രാഫ് ഉയര്‍ന്നു തന്നെയാണ് നിന്നത്. ഓരോ സിനിമ കഴിയുമ്പോഴും അത് കൂടിക്കൂടി വന്നു.”
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി.കെ കേശവന് പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22നാണ് വേണു ജനിച്ചത്. രക്ഷിതാക്കള്‍ക്ക് വേണുവിനെ അധ്യാപകനാക്കാനായിരുന്നു ആഗ്രഹം. അതുമല്ലെങ്കില്‍ ഒരു സര്ക്കാരുദ്യോഗസ്ഥന്. മാതാപിതാക്കള്‍ അധ്യാപകരായിരുന്നു. വീട്ടിലെ ബന്ധുക്കളിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. അധ്യാപനം വേണുവിനും ഇഷ്ടപ്പെട്ട തൊഴിലായിരുന്നു. തൊഴിലിനപ്പുറം അതൊരു കര്‍മ്മമാണെന്നാണ് വേണുവിന്റെ പക്ഷം. എന്നാല്‍ കാലം കാത്തുവച്ചത് മറ്റൊന്നാണ്.
”എന്താകുമെന്നറിയാതെയാണ് സിനിമയിലഭിനയിച്ചത്. അഭിനയിക്കാന്‍ പോകുമ്പോള്‍ പരിഭ്രമമൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും അറിയുന്നവര്‍. നാടകത്തിനു പോകുന്നതുപോലെയാണ് പോയത്. നാലഞ്ച് സിനിമകളില്‍ അഭിനയിച്ചപ്പോഴും സിനിമാനടനാണെന്ന് തോന്നിയില്ല. ആരും എന്നെ തിരിച്ചറിഞ്ഞതുമില്ല. യാത്രയൊക്കെ സാധാരണ പോലെയായിരുന്നു. ബസ് കാത്തു നിന്ന് ആലപ്പുഴയ്ക്കും ബോട്ടില്‍ കയറി നെടുമുടിക്കും പോയി. ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു. ആരും എന്നെ തിരിച്ചറിഞ്ഞില്ല. പിന്നീടെത്രയോ കഴിഞ്ഞാണ് സിനിമാ നടനാണെന്ന തോന്നല്‍ ഉണ്ടായത്. ‘വിടപറയും മുമ്പേ’ തിയറ്ററിലെത്തുകയും പ്രദര്‍ശന വിജയം നേടുകയും ചെയ്തപ്പോള്‍ ആളുകള്‍ എന്നെയും തിരിച്ചറിയാന്‍ തുടങ്ങി…”നാല്പതാണ്ടുകളില് സിനിമയില്‍ ആരും തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തിലകന് ചേട്ടനുമായി ഉണ്ടായത് ഒറ്റപ്പെട്ട സംഭവം മാത്രം. അത് അദ്ദേഹത്തിന്റെ തെറ്റായ ധാരണയുമായിരുന്നു.
വേണു വെള്ളിത്തിരയിലെ താരമായത് തന്റെ പ്രതിഭ തെളിയിച്ചുകൊണ്ടാണ്. ചെയ്ത വേഷങ്ങളില്‍ പലതും അദ്ദേഹത്തിനു മാത്രം ചെയ്യാന്‍ കഴിയുന്നത്. സാമൂഹ്യ പ്രസക്തവും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായ നിരവധി വേഷങ്ങള്‍ വേണുവിലൂടെ മലയാളി അനുഭവിച്ചു. അത്തരം വേഷങ്ങളും സിനിമകളും ഇന്നുണ്ടാകാത്തതിന്റെ പരിഭവം അദ്ദേഹത്തിനില്ല. അത് കാലത്തിന്റെ മാറ്റമാണെന്നദ്ദേഹം പറയുന്നു.
”സിനിമയുടെ സമീപനം മാറി. ഇപ്പോള്‍ സിനിമയ്ക്കുള്ള ഊര്‍ജ്ജം സമൂഹത്തില്‍ നിന്നല്ല ഉള്‍ക്കൊള്ളുന്നത്. വിദേശ സിനിമകളാണ് പ്രധാന ഊര്‍ജ്ജ കേന്ദ്രം. നാടുമായി ബന്ധമുണ്ടായിരുന്ന സിനിമകളാണ് മുമ്പുണ്ടായിരുന്നത്. ഇന്നത്തെ കഥാപാത്രങ്ങള്‍ ബര്‍മുഡയിട്ട് സെല്‍ഫോണ്‍ പിടിച്ചു വരുന്നവരാണ്. എങ്കിലും പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല. വ്യത്യസ്തങ്ങളായ സിനിമകളും കഥാപാത്രങ്ങളും ഇടയ്ക്കെങ്കിലും തലനീട്ടുന്നുണ്ട്. ഫഗദ്ഫാസിലിനെ പോലെ ഏതു കഥാപാത്രമായും മാറാന്‍ കഴിവുള്ള മികച്ച നടന്മാരും നമുക്കുണ്ട്…”
നെടുമുടിയുടെ കലാജീവിതം ഇതിലൊന്നും ഒതുങ്ങി നിന്നില്ല. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകളുടെ കഥ വേണുവിന്റെതാണ്. പൂരം എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു.
തമ്പിന്റെ പൂമുഖത്ത് ആല്‍ബങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു. കുട്ടിക്കാലം മുതലുള്ള വേണുവിന്റെ ചിത്രങ്ങള്‍. ജീവിതവും സിനിമയും അതില്‍ ഇഴചേര്‍ന്നിരിക്കുന്നു. അതില്‍ വിവാഹ ചിത്രങ്ങളും. നെടുമുടിക്കാരി സുശീലയാണ് പത്നി. രണ്ടു മക്കള്‍. ഉണ്ണിവേണുവും കണ്ണന് വേണുവും. മൂത്തയാള്‍ ദുബായിയില്‍. തമ്പിലെ വേണുവിന്റെ ജീവിതത്തിന് നാട്യങ്ങളില്ല. കുട്ടനാട്ടുകാരനായ പച്ചമനുഷ്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: