ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ അന്തിമ കര്‍മ്മപദ്ധതി പ്രഖ്യാപിക്കുന്നതിനായി രാജ്യത്തെ സന്യാസിവര്യന്മാര്‍ ഉഡുപ്പിയില്‍ സമ്മേളിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 24 മുതല്‍ 26 വരെ നടക്കുന്ന ധര്‍മ്മ സംസദില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പ്രമുഖ സന്യാസി മഠങ്ങളുടെ ആചാര്യന്മാര്‍ പങ്കെടുക്കും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് മഠാധിപതിയുമായ യോഗി ആദിത്യനാഥ്, സാധ്വി ഋതംഭര, വിശ്വേശതീര്‍ത്ഥ തുടങ്ങിയവര്‍ ധര്‍മ്മസംസദിന് നേതൃത്വം നല്‍കും. അടുത്ത വര്‍ഷം രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ അറിയിച്ചു. എവിടെയാണോ രാമജന്മഭൂമി അവിടെത്തന്നെ ക്ഷേത്ര നിര്‍മ്മാണം, 1984ല്‍ പ്രഖ്യാപിച്ച അതേ മാതൃകയില്‍ അയോധ്യയില്‍ രാമക്ഷേത്രം, ക്ഷേത്ര നിര്‍മ്മാണ ചുമതല രാമജന്മഭൂമി ന്യാസിന്, വൈദേശിക അക്രമണകാരിയായ ബാബറുടെ പേരില്‍ രാജ്യത്തെവിടെയും പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ധര്‍മ്മ സംസദിന്റെ ഭാഗമായുണ്ടാകും.
24ന് രാവിലെ 10 മണിക്ക് ഉഡുപ്പി റോയല്‍ ഗാര്‍ഡനില്‍ ശിവകുമാര്‍ മഹാസ്വാമിയും വീരസോമേശ്വര രാജാധേരികേന്ദ്ര ശിവാചാര്യ സ്വാമിയും ചേര്‍ന്ന് ധര്‍മ്മസംസദിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് ശേഷം രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ധര്‍മ്മസംസദിലുണ്ടാകും. ഗോസംരക്ഷണം അടക്കമുള്ള വിഷയങ്ങളും ആദ്യദിനം ചര്‍ച്ച ചെയ്യും.
25ന് സാമൂഹ്യസൗഹാര്‍ദ്ദം, മതപരിവര്‍ത്തനം, സംസ്‌കാര സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ സന്യാസിമാര്‍ ചര്‍ച്ച ചെയ്യും. സമാപന ദിനമായ 26ന് പ്രമേയങ്ങള്‍ പാസാക്കും. ഉച്ചയ്‌ക്ക് ശേഷം ഉഡുപ്പി നഗരത്തില്‍ മഹാശോഭായാത്രയും നടക്കും.
















