ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ കുറ്റമറ്റ സ്റ്റാര്‍ട്ടിങ് സംവിധാനമൊരുക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈനല്‍ മത്സരത്തിലടക്കം അച്ചടക്കരാഹിത്യം കാണിച്ച മൂന്നു ചുണ്ടന്‍ വള്ളങ്ങളുടെ ബോണസില്‍ 25 ശതമാനം തുക പിഴയായി ഈടാക്കാന്‍ യോഗം തീരുമാനിച്ചു. കാരിച്ചാല്‍, കാട്ടില്‍ തെക്കതില്‍, ദേവസ് വള്ളങ്ങളുടെ 25 ശതമാനം ബോണസ് തുക നഷ്ടപ്പെടും. മൂന്നുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഉയര്‍ന്നതെങ്കിലും നടപടി പിഴ ഈടാക്കുന്നതില്‍ അവസാനിപ്പിക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.
ഫൈനലില്‍ മത്സരിച്ച നാലു വള്ളങ്ങളും സഹകരിച്ചില്ലെന്നും ഇതുമൂലം മത്സരം നീണ്ടുപോയതായും വള്ളംകളിക്കുതന്നെ നാണക്കേടുണ്ടാക്കിയതായും യോഗം വിലയിരുത്തി.
ഇരുപത്തിയഞ്ചു പേരില്‍ കുറവു തുഴക്കാരുള്ള ചെറുവള്ളങ്ങളുടെ ബോണസില്‍ 25 ശതമാനം കുറവുവരുത്തും. മയില്‍ വാഹനന്‍, കുന്നത്തുപറമ്പന്‍, ശ്രീപാര്‍ത്ഥസാരഥി, ഹനുമാന്‍ നമ്പര്‍ 1, ശ്രീമുരുകന്‍, ചെറിയ പണ്ഡിതന്‍ വള്ളങ്ങളുടെ ബോണസില്‍ കുറവു വരും. ബോണസ് അടുത്തയാഴ്ച വിതരണം ചെയ്തു തുടങ്ങും.
കഴിഞ്ഞ വള്ളംകളിയിലെ സ്റ്റാര്‍ട്ടിങ് സംവിധാനം പരാജയപ്പെട്ടെന്ന് യോഗം വിലയിരുത്തി.
ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 10ലക്ഷം മെയിന്റനന്‍സ് ഗ്രാന്റ്
ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 10 ലക്ഷം രൂപ റിപ്പയര്‍-മെയിന്റനന്‍സ് ഗ്രാന്റായി സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഉടമയ്‌ക്കല്ല വള്ളത്തിനാണ് മെയിന്റനന്‍സ് ഗ്രാന്റ് നല്‍കുക. വള്ളം അറ്റകുറ്റപ്പണി നടത്താതെ ഉടമയ്‌ക്ക് പണം എടുക്കാനാകില്ല. മുമ്പ് ഗ്രാന്റ് കിട്ടിയ വള്ളങ്ങള്‍ക്കൊഴികെ എല്ലാ വള്ളങ്ങള്‍ക്കും തുക ലഭിക്കും. പഴയവള്ളങ്ങള്‍ മ്യൂസിയത്തിലേക്ക് ഏറ്റെടുക്കും.
















