ആശൈ കണ്ണന്‍
മാനന്തവാടി: വയനാട് എടവക പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കുഴിച്ചിട്ട മൃതദേഹം തമിഴ്‌നാട് ഉസലാംപട്ടി സ്വദേശി ആശൈ കണ്ണന്റേതെന്ന്(48) തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെ മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോ. പ്രൊഫസര്‍ ഡോ. സുജിത്ത് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
ആശൈ കണ്ണന്റെ ഭാര്യ മണി മേഖലയും മകന്‍ ജയപാണ്ടിയും(വിഷ്ണു) മൃതദേഹം തിരിച്ചറിഞ്ഞു. ധരിച്ച വസ്ത്രങ്ങള്‍ നോക്കിയാണ് ഇവര്‍ മൃതശരീരം തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആശൈ കണ്ണന്റെ മക്കള്‍ പോലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന.
പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
മദ്യലഹരിയില്‍ വീട്ടിലെത്താറുള്ള ആശൈ കണ്ണന്‍ ഭാര്യയെ മര്‍ദിക്കുന്നതും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നു. ഇതില്‍ മനസ് മടുത്താണ് മക്കള്‍, മകന്റെ സുഹൃത്തിന്റെ സഹായത്തോടെ കൃത്യം നടത്തിയതെന്നു കരുതുന്നു.
















