കൊച്ചി: ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍മാര്‍ അവസരത്തിനൊത്ത് ഉയരാന്‍ കഴിവുള്ളവരാണെന്ന് ഗോള്‍കീപ്പിങ് കോച്ച് ജിയോറ ആന്‍ഡ്മന്‍ പറഞ്ഞു. നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍മുഖം സുരക്ഷിതമായിരിക്കുമെന്നാണ് ഇസ്രയേല്‍ മുന്‍ ദേശീയ താരവും ഗോള്‍ കീപ്പിങ് കോച്ചുമായിരുന്ന ജിയോറ ആന്റ്മന്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്.
മത്സരങ്ങളേറെയുള്ള സീസണില്‍ ക്ലീന്‍ ഷീറ്റോടെ മുന്നേറുകയാണ് ലക്ഷ്യം. ഗോള്‍വല ലക്ഷ്യമായെത്തുന്ന പന്തുകളെ പിടിച്ചെടുത്ത് അടുത്ത കളിക്കാരനിലേക്ക് അതിവേഗം കൈമാറിയുള്ള പ്രത്യാക്രമണശൈലിയുടെ കാവലാള്‍ കൂടിയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍മാരെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
ടീമിലെ ഏറ്റവും പ്രായംകൂടിയതാരവും അതിനൊപ്പം ഏറെ അനുഭവസമ്പത്തുമുള്ള ഗോളിയാണ് സന്ദീപ് നന്ദി. കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ നന്ദി നല്ല ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് പ്രായത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ട്. പക്ഷേ ഗോള്‍വലക്കു മുന്നിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ പ്രായം തടസ്സമായി തോന്നിയിട്ടില്ല.
പുതിയ ശൈലികളും തന്ത്രങ്ങളുമൊക്കെ വേഗം സ്വായത്തമാക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലീഡ്‌സ് യുനൈറ്റഡ്, ബ്ലാക്ക്പൂള്‍ ക്ലബുകളിലെ അനുഭവസമ്പത്തുമായാണ് ഇംഗ്ലണ്ടിന്റെ പോള്‍ റച്ചുബ്ക ബ്ലാസ്‌റ്റേഴ്‌സിലെത്തിയിട്ടുള്ളത്. ഇവര്‍ക്കൊപ്പം അവസരത്തിനൊത്ത് ഉയരാന്‍ കഴിവുള്ളവരാണ് സുഭാശിഷ് ചൗധരിയും സുജിത്തും. എന്തായാലും ക്ലീന്‍ ഷീറ്റോടെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
















