കൊച്ചി: ഇംഗ്ലണ്ടിന് പുറത്ത് മറ്റൊരു വിദേശരാജ്യത്ത് ആദ്യമായി പുല്‍ത്തകിടിയില്‍ പന്തുതട്ടാനെത്തുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ കരുത്തന്‍ വെസ് ബ്രൗണ്‍. 20 വര്‍ഷത്തിലേറെയായി ഇംഗ്ലണ്ടില്‍ മാത്രം കളിച്ച താരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധത്തിലെ മുന്‍ കരുത്തന്‍നായ ബ്രൗണ്‍.
കഴിഞ്ഞ വര്‍ഷം ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിന് വേണ്ടി കളിച്ചശേഷമാണ് താരം ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ആദ്യമായാണ് 38കാരനായ ബ്രൗണ്‍ ഇംഗ്ലണ്ടിന് പുറത്ത് ഒരു രാജ്യത്ത് കളിക്കാനെത്തുന്നത്. ഐഎസ്എല്ലില്‍ കളിക്കാന്‍ നല്ല തയ്യാറെടുപ്പുകള്‍ നടത്തിയെന്ന് വെസ്് ബ്രൗണ്‍ വ്യക്തമാക്കി. കൊച്ചിയില്‍ ചൂടുകൂടുതലാണെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരികയാണ്. ഇന്ത്യന്‍ താരങ്ങള്‍ മികച്ച സഹകരണമാണ് നല്‍കുന്നത്.
ബെര്‍ബറ്റോവ് ഉള്‍പ്പടെ വിദേശ താരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതായും സന്ദേശ് ജിങ്കാന്‍, റിനോ എന്നിവര്‍ക്കൊപ്പം പ്രതിരോധത്തില്‍ മികവ് കാട്ടാനാകുമെന്നും ബ്രൗണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിലേക്കു പോരുന്നതിന് മുമ്പായി കഴിഞ്ഞ സീസണില്‍ ഐഎസ്എല്‍ കളിച്ച ഇംഗ്ലീഷ് താരങ്ങളോട് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
















