കുന്നത്തൂര്‍: പെണ്‍കുട്ടിയുടെ ചിത്രം ബംഗാളി യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ശൂരനാട് പോലീസിനെ നാട്ടുകാര്‍ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്, സിപിഎം നേതൃത്വം ശ്രമം നടത്തുന്നതായി ആരോപണം. ശൂരനാട് കെസിറ്റി മുക്കില്‍ വെള്ളി രാത്രിയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രദേശവാസികള്‍ തടഞ്ഞ് വച്ച് മര്‍ദിച്ച അന്യ സംസ്ഥാന തൊഴിലാളിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശൂരനാട് എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ആക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് പോലീസുകാര്‍ക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്.
ആക്രമവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 12 പേരെ അറസ്റ്റു ചെയ്യുകയും ഇവരെ കോടതി റിമാന്‍ഡും ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന 105 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസന്വേഷണവുമായി പോലീസ് മുന്‍പോട്ട് പോകവേ അട്ടിമറി നീക്കവുമായി സിപിഎം- കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പോലീസ് നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇവരുടെ വാദം. ആക്രമം നടത്തിയത് പുറത്ത് നിന്നെത്തിയവരാണെന്നും പോലീസ് പ്രദേശവാസികളോട് പ്രതികാര നടപടി കൈക്കൊള്ളുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ന്യൂനപക്ഷ സമുദായം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ഇവിടം. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ആക്ഷേപം. പോലീസിനെതിരെ പ്രചാരണവുമായി രംഗത്തെത്തിയത് ആദ്യം കോണ്‍ഗ്രസാണ്. കൊടിക്കുന്നില്‍ സുരേഷ് എംപി കേസില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സിപിഎമ്മിന് നിര്‍ണായക സ്വാധീനമുള്ള ഈ മേഖലയില്‍ കോണ്‍ഗ്രസിന്റെ ഈ ഇടപെടീല്‍ സിപിഎമ്മിനെ ആശങ്കയിലാഴ്‌ത്തുകയും അവരും പോലീസിനെതിരായ നിലപാടിലേക്ക് എത്തിച്ചേര്‍ന്നു.
സോമപ്രസാദ് എംപിയും സിപിഎം നേതാക്കളും ഇവിടം സനര്‍ശിച്ച് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന. ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വച്ച് രാഷ്‌ട്രീയ കക്ഷികള്‍ രംഗത്തെത്തിയതോടെ പോലീസ് അന്വേഷണവും മന്ദഗതിയിലായി. കൂടുതല്‍ അറസ്റ്റ് ഉണ്ടാകാതിരിക്കാനായി പോലീസിന് മേല്‍ രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടെന്നാണ് സൂചന.അറസ്റ്റ് ചെയ്ത 12 പേരും യഥാര്‍ത്ഥ കുറ്റവാളികള്‍ ആണെന്നും മറിച്ചുള്ള രാഷ്‌ട്രീയക്കാരുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും ശൂരനാട് എസ്‌ഐ പറഞ്ഞു. ആക്രമിച്ചവരെ തിരിച്ചറിയാമെന്നും സിസിടിവി കാമറകള്‍ പരിശോധിച്ചാണ് കേസെടുത്തതെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
















