തിരുവനന്തപുരം: എബിവിപിയുടെ ചലോ കേരള മഹാറാലി ജനം ടിവി ഒഴികെയുള്ള മലയാളംചാനലുകള്‍ മുക്കിയപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കോടിക്കണക്കിന് പേരാണ് തത്സമയം വീക്ഷിച്ചത്. ദേശീയത ഉയര്‍ത്തിപിടിച്ച് സിപിഎമ്മിന്റെ അക്രമ-കൊലപാതക രാഷ്‌ട്രീയത്തിനെതിരെ നടന്ന റാലിയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരു ലക്ഷം പ്രതിനിധികള്‍ പങ്കെടുത്തു. ഇതാണ് ചാനലുകള്‍ ബോധപൂര്‍വം തിരസ്‌കരിച്ചത്.
ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ ധര്‍മം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം. ആറുകോടിയോളം പേരാണ് സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ നവമാധ്യമങ്ങള്‍ വഴി റാലി തത്സമയം കണ്ടത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വിവിധ വെബ്‌സൈറ്റുകള്‍ വഴി തത്സമയം നാലരക്കോടിയോളം പേരാണ് വീക്ഷിച്ചത്. റാലിയുടെ പ്രമുഖ ഭാഗങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്തവരില്‍ നിന്ന് ലക്ഷക്കണക്കിന് പങ്കുവയ്‌ക്കലും നടന്നു.
ബിജെപി കേരള, എബിവിപി കേരള, മലയാദ്രി മോക്ക, നമോ കേരള, ലൈവ് സ്ട്രീം തുടങ്ങിയ കേരളത്തിലെ ഗ്രൂപ്പുകളില്‍ നിന്നു മാത്രം ഒന്നര കോടിയോളം പേര്‍ റാലിയുടെ അവേശം നുകര്‍ന്നു. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഫേസ്ബുക്ക് ട്വിറ്റര്‍ ഗ്രൂപ്പിലും വെബ്‌സൈറ്റുകളിലുമായി നാലുകോടിയോളം പേരാണ് കണ്ടത്. പുറമെ ഇന്‍ടിവ്യൂജല്‍ പ്രൊഫൈല്‍ലൈവും ഉണ്ടായിരുന്നു. മഹാറാലിക്ക് ദിവസങ്ങള്‍ക്ക് മുമ്പുനടന്ന അനുബന്ധപരിപാടികള്‍ക്കും ജന്മഭൂമി ഒഴിച്ചുള്ള പത്രങ്ങളും ജനം ടിവി ഒഴിച്ചുള്ള ദൃശ്യമാധ്യമങ്ങളും പ്രാധാന്യം കൊടുത്തില്ല. ഇവയും സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ അറിയുകയും വീക്ഷിക്കുകയുമായിരുന്നു.
ഇടത് അനുഭാവികളുടെ അതിപ്രസരമുള്ള തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ചര്‍ച്ചചെയ്ത് ബോധപൂര്‍വം സംസ്ഥാന സര്‍ക്കാരിനെതിരെ എബിവിപി നടത്തുന്ന മഹാറാലിയുടെ ഒരു വാര്‍ത്തപോലും നല്‍കാതെ അപ്രസക്തമാക്കാന്‍ കഠിനമായി പരിശ്രമിച്ചു. എന്നാല്‍ കേരളം രാഷ്‌ട്രീയ മാറ്റത്തിന് തയ്യാറായെന്ന് തിരിച്ചറിഞ്ഞ പ്രമുഖ മലയാളപത്രങ്ങള്‍ അടുത്തദിവസം വാര്‍ത്തകളും ചിത്രങ്ങളും പ്രാധാന്യത്തോടെ നല്‍കി. മഹാറാലിക്ക് മുന്നോടിയായി നടന്ന അനുബന്ധപരിപാടികള്‍ തിരസ്‌കരിച്ചതുപോലെ പ്രമുഖ പത്രങ്ങള്‍ വാര്‍ത്ത നല്‍കില്ലെന്ന് പ്രതീക്ഷിച്ച ചാനലുകള്‍ക്ക് തിരിച്ചടിയായി. ജനം ടിവിക്ക് ഒറ്റ ദിവസം കൊണ്ട് റേറ്റിംഗ് അഞ്ചു പോയിന്റിലധികം വര്‍ധിക്കുകയും ചെയ്തു.
















