ആലപ്പുഴ: മാലിന്യമെറിഞ്ഞ് നാടു ദുഷിപ്പിക്കുന്നവരുടെ വിവരം ശേഖരിക്കാനും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ പരദൂഷണപ്പെട്ടി സ്ഥാപിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന അതിജീവനം 2017 പദ്ധതിയുടെ ഭാഗമായാണ് 23 വാര്‍ഡുകളില്‍ പരദൂഷണപ്പെട്ടി സ്ഥാപിക്കുന്നത്.
ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയിട്ടുളള തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ പരിസരശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് നടപടി. പരിസരം മലിനമാക്കുന്ന തരത്തില്‍ അയല്‍വാസികളോ പ്രദേശവാസികളോ ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ വിവരം എഴുതി പെട്ടിയില്‍ ഇടണം.
പരിസ്ഥിതി-ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് അധികാരികളുടെ ഇടപെടല്‍ ഉണ്ടാകേണ്ട കാര്യങ്ങളാണ് എഴുതി ഇടേണ്ടത്. എല്ലാ ദിവസവും പെട്ടികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ ഉടനടി സ്വീകരിക്കാനാണ് നീക്കം.
















