ന്യൂദല്‍ഹി: ഇസ്ലാമിക നിയമപ്രകാരമുള്ള ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ബാങ്കിങ് സൗകര്യത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള തുല്യ അവസരങ്ങളും സാധ്യതകളും കണക്കിലെടുത്താണ് തീരുമാനം.
വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ പ്രതിനിധിയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്‌ക്ക് മറുപടിയായാണ് ആര്‍ബിഐ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക നിയമപ്രകാരം പലിശ ഈടാക്കാതെയാണ് ഇസ്ലാമിക് ബാങ്കുകളുടെ പ്രവര്‍ത്തനം. മുസ്ലിം വിശ്വാസപ്രകാരം പലിശ ഈടാക്കുന്നത് കുറ്റകരമാണ്.
മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അധ്യക്ഷനായ സാമ്പത്തിക പരിഷ്‌കരണത്തിനുള്ള സമിതിയാണ് 2008ല്‍ ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചത്. മതവിശ്വാസത്തിന് എതിരാണെന്നതിനാല്‍ ചിലര്‍ നിലവിലുള്ള ബാങ്കിങ് സംവിധാനത്തെ ബഹിഷ്‌കരിക്കുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇസ്ലാമിക് ബാങ്ക് നടപ്പാക്കുന്നതിലെ നിയമ, സാങ്കേതിക വശങ്ങള്‍ പരിശോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയമിച്ചു.
ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഈ മേഖലയില്‍ പരിചയക്കുറവുള്ളതിനാല്‍ തിടുക്കത്തില്‍ ഇസ്ലാമിക് ബാങ്ക് നടപ്പാക്കരുതെന്നും പടിപടിയായി ഏര്‍പ്പെടുത്താമെന്നുമായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. പുതിയ ബാങ്കിങ് സംവിധാനം നടപ്പാക്കുമെന്ന് പ്രചാരണം നടന്നുകൊണ്ടിരിക്കെയാണ് ആര്‍ബിഐ നിലപാട് വ്യക്തമാക്കിയത്.
















