ന്യൂദല്‍ഹി: ജിഎസ്ടി വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് കാപട്യം നിറഞ്ഞ രാഷ്‌ട്രീയമെന്ന് കേന്ദ്ര മാനവവിഭവശേഷിമന്ത്രി പ്രകാശ് ജാവദേക്കര്‍. ജിഎസ്ടി കൗണ്‍സിലില്‍ കോണ്‍ഗ്രസ് ജിഎസ്ടിയെ പിന്തുണക്കുകയും പുറത്തെത്തുമ്പോള്‍ ഇതിനെതിരായി സംസാരിക്കുകയും ചെയ്യുന്നതായി അദ്ദേഹം വിമര്‍ശിച്ചു.
ജിഎസ്ടി നിരക്ക് ഏകീകരിക്കണമെന്നു വാദിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നികുതി വര്‍ധിപ്പിക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്നും ജാവദേക്കര്‍ ചോദിച്ചു.
എല്ലാ വസ്തുക്കള്‍ക്കും 18 ശതമാനം നികുതി ഏര്‍പ്പെടുത്തി നികുതി ഏകീകരിക്കണമെന്നാണ് രാഹുല്‍ പറയുന്നത്. ഇത് അര്‍ഥമാക്കുന്നത് നിലവില്‍ നികുതി ഇല്ലാത്തതും അഞ്ചും 12 ശതമാനവും നികുതിയുള്ളതുമായ സാധനങ്ങള്‍ക്ക് 18 ശതമാനവും നികുതി ഏര്‍പ്പെടുത്തണമെന്നാണ്. ജനങ്ങളുടെ നികുതി ഭാരം വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ഇതിലൂടെ ആഗ്രഹിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
















