കൊല്‍ക്കത്ത: ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കക്ക് ആദ്യ സന്നാഹമത്സരത്തില്‍ മികച്ച സ്‌കോര്‍. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ ദ്വിദിന മത്സരത്തിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 73 റണ്‍സുമായി ഡിക്‌വെല്ലയും 36 റണ്‍സുമായി റോഷന്‍ സില്‍വയുമായിരുന്നു ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ക്രീസീല്‍.
സഞ്ജു നായകനായ ബോര്‍ഡ് ഇലവനെതിരെ മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ശ്രീലങ്കയ്‌ക്ക് നല്‍കിയത്. സമരവിക്രമയും (74) കരുണരത്‌നെയും (50 റിട്ടയേര്‍ഡ്) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷം ക്രീസിലെത്തിയ ആഞ്ചലോ മാത്യൂസ് (54), ധില്‍രുവാന്‍ പെരേര (48) എന്നിവരും മികച്ച ബാറ്റിങ് നടത്തി.
ക്യാപ്റ്റന്‍ ചണ്ടിമല്‍ (29), തിരിമന്നെ (17) എന്നിവര്‍ മാത്രമാണ് നിരാശപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി മലയാളി ബൗളര്‍ സന്ദീപ് വാര്യര്‍, ആകാശ് ബന്ദാരി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
















