ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദല്‍ഹിയില്‍ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ദല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. നിയന്ത്രണം നടപ്പാക്കുന്നതിലെ അപ്രായോഗികതകളെപ്പറ്റി ദേശീയ ഹരിത ട്രിബ്യൂണല്‍ വിമര്‍ശനം ഉന്നയിച്ചതാണ് കാരണം. പദ്ധതിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയ ദല്‍ഹി സര്‍ക്കാരിനെ ഹരിത ട്രിബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചത്.ഇരുചക്ര വാഹനങ്ങളെയും സ്ത്രീകള്‍ ഓടിക്കുന്ന കാറുകളെയും നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന നിയന്ത്രണം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
വാഹന നിയന്ത്രണ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ അതില്‍ നിന്ന് ആരെയും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന് ട്രിബ്യൂണല്‍ പറഞ്ഞു. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോഴായിരുന്നു ട്രിബ്യൂണല്‍ നിലപാട്.നവംബര്‍13 മുതല്‍ 17 വരെയാണ് ദല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ദല്‍ഹിക്ക് പകരം ദല്‍ഹി എന്‍സിആറിലേക്കും നിയന്ത്രണം കൊണ്ടുവരണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ദല്‍ഹി, ഹരിയാന, യുപി സംസ്ഥാനങ്ങളിലെ പ്രദേശങ്ങള്‍ ദല്‍ഹി എന്‍സിആറില്‍ ഉള്‍പ്പെടുന്നതാണ്.
















