ഭോപാല്‍ : ദേശീയ ജൂനിയര്‍ സ്‌കൂള്‍ കായികമേളയില്‍ കേരളം വീണ്ടും കിരീടത്തിലേക്ക്. ഒരു ദിവസംകൂടി ശേഷിക്കെ 68 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാലാംദിനത്തില്‍ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയതോടെ കേരളത്തിന് മൊത്തം 16 മെഡലുകളായി. തമിഴ്‌നാട് രണ്ടാംസ്ഥാനത്തും( 31 പോയിന്റ്) ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തും (22) നില്‍ക്കുന്നു.
4-100 റിലേയില്‍ ഇരുവിഭാഗങ്ങളിലും കേരളം റെക്കോഡോടെ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപില്‍ സാന്ദ്ര ബാബുവാണ് മൂന്നാം സ്വര്‍ണം നേടിയത്. പി എസ് പ്രഭാവതി സാന്ദ്രയ്‌ക്ക് തൊട്ടുപിറകിലെത്തി. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഖില്‍ ബാബുവും രണ്ടാമതെത്തി. പെണ്‍കുട്ടികളില്‍ അന്ന മാത്യൂ തോമസ20് വെങ്കലം സ്വന്തമാക്കി. നേരത്തെ പെണ്‍കുട്ടികളുടെ 3 കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്ര സുരേന്ദ്രന്‍ വെള്ളി സ്വന്തമാക്കി
നാലാംദിനത്തില്‍ നാല് റെക്കോഡുകളാണ് പിറന്നത്. അതില്‍ രണ്ടും കേരളത്തിന്റെ പേരില്‍. 4-100 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികള്‍ ആദ്യ മൂന്ന് സ്ഥാനക്കാരും 2015ലെ തമിഴ്നാടിന്റെ 43.10 സെക്കന്‍ഡ് സമയം തിരുത്തി. കേരളം 42.86 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനക്കാരായി.
ഡല്‍ഹി 42.89 സെക്കന്‍ഡില്‍ വെള്ളിയും തമിഴ്നാട് 43.05 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പെണ്‍കുട്ടികളില്‍ 48.05 സെക്കന്‍ഡിലാണ് കേരളം റെക്കോഡിട്ടത്. 2015ല്‍ മഹാരാഷ്‌ട്ര കുറിച്ച 48.40 സെക്കന്‍ഡിന്റെ റെക്കോഡാണ് തകര്‍ന്നത്. തമിഴ്നാട് 48.66 സെക്കന്‍ഡില്‍ രണ്ടാമതായപ്പോള്‍ മഹാരാഷ്‌ട്ര 49.22 സെക്കന്‍ഡില്‍ വെങ്കലത്തിലൊതുങ്ങി.
ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തിലും റെക്കോഡ് പിറന്നു. ആദ്യ മൂന്ന് സ്ഥാനക്കാരും നിലവിലെ മികച്ച സമയം മറികടന്നു. മധ്യപ്രദേശിന്റെ സര്‍വജീത് പട്ടേല്‍ (21:36.80) സ്വര്‍ണം നേടി. ഉത്തരാഖണ്ഡിന്റെ പരംജീത് ബിഷ്ട് സിങ്ങും (21:44.81) കൂട്ടുകാരന്‍ മുകേഷ് കുമാറും (21.48.75) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ വര്‍ഷം ഹരിയാനയുടെ മനീഷ് കുമാര്‍ കുറിച്ച 21:58.29 സെക്കന്‍ഡ് സമയം മാഞ്ഞു.
പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്നാടിന്റെ പി എം തബിത റെക്കോഡിട്ടു. 14.38 സെക്കന്‍ഡില്‍ തബിത അവസാനവര കടന്നപ്പോള്‍ തകര്‍ന്നത് അപര്‍ണ റോയി വഡോദരയില്‍ തീര്‍ത്ത 14.41 സെക്കന്‍ഡിന്റെ സമയം. മഹാരാഷ്‌ട്രയുടെ പ്രഞ്ജലി പാട്ടീല്‍ 14.88 സെ. വെള്ളി നേടി. കേരളത്തിന്റെ അന്ന മാത്യൂ തോമസ് വെങ്കലംനേടി.(15.14 )
















