ന്യൂദല്‍ഹി: രണ്ടരക്കോടിയോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്‍ വരുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ജനപ്രാതിനിധ്യത്തില്‍ ഭേദഗതികളോടെ പകരം വോട്ട്(പ്രോക്‌സി വോട്ട്) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് വോട്ടവകാശം ലഭിക്കുകയെന്നത്. ഇതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നല്‍കുന്ന സൂചന. നേരത്തെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രവാസി വോട്ടവകാശം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സുപ്രീംകോടതി പന്ത്രണ്ട് ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
ലണ്ടനിലെ പ്രവാസി ഭാരത് ചെയര്‍മാന്‍ നാഗേന്ദര്‍ ചിന്ദം, യുഎഇയിലെ ഡോ. വി.പി ഷംഷീര്‍ എന്നിവരാണ് പ്രവാസി വോട്ടവകാശം തേടി സുപ്രീംകോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നതിന് തയ്യാറാണെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരും നടപടികള്‍ വേഗത്തിലാക്കിയത്.
പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കുന്നതിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.
നിയമഭേദഗതിക്ക് പകരം ചട്ട ഭേദഗതിയിലൂടെ പ്രവാസി വോട്ടവകാശം നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും സൈനികര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാത്രമാണ് ചട്ടഭേദഗതിയിലൂടെ വോട്ടവകാശം നല്‍കുന്നതെന്നും പ്രവാസികള്‍ക്ക് അത്തരത്തില്‍ വോട്ട് നല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കേസില്‍ വ്യക്തമാക്കിയിരുന്നു.
നിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയാല്‍ മൂന്നുമാസത്തിനകം പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. 2010ല്‍ പാസായ നിയമഭേദഗതി പ്രകാരം പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായിട്ടുണ്ട്. പുതിയ നിയമ ഭേദഗതി പ്രകാരം ഏറ്റവും അടുത്ത ബന്ധമുള്ളവര്‍ക്കായിരിക്കും പകരം വോട്ട് രേഖപ്പെടുത്താന്‍ അധികാരമുണ്ടാവുകയെന്നാണ് സൂചന.
















