ഒരേ തൂവല്‍പക്ഷികള്‍… സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്‌ക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം കഴിഞ്ഞ ഉടന്‍ ഭൂമികൈയേറ്റത്തില്‍ ആരോപണ വിധേയരായ
മന്ത്രി തോമസ് ചാണ്ടിയും ഇടത് എംഎല്‍എ പി.വി. അന്‍വറും സൗഹൃദസംഭാഷണത്തില്‍ -അനില്‍ ഗോപി
തിരുവനന്തപുരം: സോളാര്‍ കമ്മീഷനിലൂടെ പുറത്തുവന്ന വസ്തുതകളെ മറികടക്കാന്‍ ഒരു ന്യായവും യുഡിഎഫിനില്ല. നാലുവര്‍ഷം പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയായ സംഭവങ്ങളെല്ലാം സോളാര്‍ കമ്മീഷന്‍ ശരിവച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം ഉള്‍പ്പെട്ട ജീര്‍ണസംസ്‌കാരത്തിന്റെ നേര്‍രേഖയായി കമ്മീഷന്‍ റിപ്പോര്‍ട്ട്. കോഴ മാത്രമല്ല ലൈംഗികവേഴ്ചയും അതിക്രമങ്ങളും നടത്താന്‍ മന്ത്രിഭവനങ്ങളും അതിഥിമന്ദിരങ്ങളും ദുരുപയോഗം ചെയ്തവര്‍ ഒരു കൂസലുമില്ലാതെ കമ്മീഷനെ തള്ളിപ്പറയുന്നതാണ് വിചിത്രം. ജസ്റ്റിസ് ശിവരാജനെ കമ്മീഷനായി നിശ്ചയിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ്. ആ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയുമാണ് കമ്മീഷന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്.
അഴിമതിയും ലൈംഗികതയും സമര്‍ത്ഥമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് ആ പാര്‍ട്ടിക്ക് അലങ്കാരമായിരിക്കാം. അവര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമൊക്കെ ആകുമ്പോള്‍ അത് കേരളത്തിന് അപമാനമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്മാരായി ഉറഞ്ഞാടിയവര്‍ ഇനി രാഷ്‌ട്രീയം പറയരുത്. അതിന് ഇവര്‍ക്ക് അവകാശമില്ല. അവസരം നല്‍കാന്‍ കോണ്‍ഗ്രസുകാരടക്കമുള്ള കേരളീയര്‍ മുതിരരുത്.
ലീഗിനെ ഒതുക്കാന്‍ റജീനാവിഷയം ആയുധമാക്കിയ കോണ്‍ഗ്രസ് നേതൃത്വമാകെ കെട്ടുനാറി. ഓരോ നേതാവിന്റെയും ലൈംഗിക അഭിരുചിയാണ് സരിത നിരത്തിയത്. ഘടകകക്ഷി നേതാക്കളെ നിശബ്ദരാക്കാന്‍ പോലും ത്രാണി ചോര്‍ന്നുപോയ പാര്‍ട്ടി നേതാക്കളെ അണികള്‍ പേറുമോ? വനിതാ പ്രവര്‍ത്തകര്‍ക്ക് ഈ പാര്‍ട്ടിയില്‍ ഭയം കൂടാതെ കടന്നുചെല്ലാന്‍ പറ്റുമോ? വഴങ്ങാത്ത സ്ത്രീകള്‍ക്കെന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണം നിലമ്പൂരില്‍ കണ്ടതാണ്.
സിപിഎം നേതാക്കളുടെ ലൈംഗിക ചേഷ്ടകള്‍ വാചാലമായി കോണ്‍ഗ്രസ് നേതാക്കള്‍ വിളമ്പാറുണ്ട്. അത്തരം നേതാക്കളെ സിപിഎം സംരക്ഷിച്ചതുപോലെ കോണ്‍ഗ്രസും സംരക്ഷിക്കുമോ? വി.എം.സുധീരന്‍ അപകടം ചൂണ്ടിക്കാട്ടി. ആ വഴി രമേശ് ചെന്നിത്തല സ്വീകരിക്കുമോ? അങ്ങനെയെങ്കില്‍ കൊട്ടിഘോഷിച്ച് നടത്തുന്ന ‘പടയൊരുക്കം’ നിര്‍ത്തിവയ്‌ക്കുമോ? കുറഞ്ഞപക്ഷം സരിത ചൂണ്ടിക്കാട്ടിയ നേതാക്കളെ ഒപ്പം നടത്തുന്നത് നിറുത്തുമോ? റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച നേതാക്കളെ രമേശിനൊപ്പം കാണുമ്പോള്‍ ജനമനസ്സില്‍ സരിതയെത്തുകയാണ്.
ഇവരുടെ കാമവെറികള്‍ ഓര്‍മ്മയിലെത്തുകയാണ്. ജനങ്ങളുടെ മനസ്സില്‍ അശ്ലീലം നിറയ്‌ക്കാതിരിക്കാന്‍ ‘പടയൊരുക്കം’ നാവടക്കലാക്കി കൊടിയും മടക്കി മടങ്ങുന്നതാണ് ഉചിതം.
















