ഭോപാല്‍ : ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ രണ്ടാം ദിനത്തില്‍ കേരളം ഒന്നാം സ്ഥാനത്തേയ്‌ക്ക് ഉയര്‍ന്നു ട്രാക്കിലും പിറ്റിലും തിളങ്ങി കേരളം രണ്ട് റെക്കോഡടക്കം അഞ്ച് സ്വര്‍ണവും രണ്ടുവെള്ളിയും നേടിയാണ് മെഡല്‍പ്പട്ടികയില്‍ ഒന്നാമത്തെിയത്.
കേരളത്തിന് 33 പോയിന്റുണ്ട്. 17 പോയിന്റുള്ള തമിഴ്നാടാണ് രണ്ടാമത്. ഡല്‍ഹി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തും. ആണ്‍കുട്ടികളുടെ ഷോട്പുട്ടിലും, പോള്‍ വോള്‍ട്ടിലും ലോങ്ജമ്പിലും റെക്കോഡ് പിറന്നു.
പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സ്വര്‍ണവും വെള്ളിയും നേടിയ ആന്‍സി സോജനും സാന്ദ്ര ബാബുവും 5.94 മീറ്ററില്‍ റെക്കോഡ് തൊട്ടു. ബംഗാളിന്റെ സിബാനി ഭുംജി 2006ല്‍ കുറിച്ച 5.88 മീറ്ററിന്റെ ദൂരമാണ് ഇരുവരും മറികടന്നത്. മീറ്റിന്റെ വേഗക്കാരിപ്പട്ടമണിഞ്ഞ് ആന്‍സി ആദ്യ ഇരട്ടസ്വര്‍ണ്ണത്തിന് ഉടമയായി. 12.43 സെക്കന്‍ഡിലാണ് ഈ നാട്ടികക്കാരി ഒന്നാമതെത്തിയത്. കടുത്ത പോരാട്ടത്തില്‍ മഹാരാഷ്‌ട്രയുടെ അവന്തിക നരാലെയെ (12.47) മൂന്നാമതാക്കി പി ഡി അഞ്ജലി (12.46) വെള്ളിയണിഞ്ഞു. ഡല്‍ഹിയുടെ നിസാര്‍ അഹമ്മദ് 10.76 സെക്കന്‍ഡില്‍ വേഗക്കാരനായി. മഹാരാഷ്‌ട്രയുടെ കരണ്‍ ഹെഗിസ്തെ (10.84 സെ.) വെള്ളിയും കര്‍ണാടകയുടെ വി എ ശശികാന്ത് (10.85 സെ.) വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി ചാന്ദിനി, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഡി പ്രിസ്‌കില്ല ഡാനിയേല്‍, ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യൂ എന്നിവരും സ്വര്‍ണമണിഞ്ഞു.
ആണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും റെക്കോഡ് മറികടന്നു.
വിദ്യാഭാരതിയുടെ അഭിഷേക് സിങ് 18.84 മീറ്ററില്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശിന്റെ സൗരഭ് മിശ്ര 18.63ല്‍ വെള്ളിയും കൂട്ടുകാരന്‍ രുദ്രനാരായണ്‍ പാണ്ഡെ 18.06 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി. ഹരിയാനയുടെ മോഹിത് കഴിഞ്ഞ വര്‍ഷംകുറിച്ച 17.99 മീറ്ററിന്റെ റെക്കോഡാണ് തകര്‍ന്നത്. പോള്‍വോള്‍ട്ടില്‍ വിദ്യാഭാരതിയുടെ ദീപക് യാദവും ലോങ്ജമ്പില്‍ ഹരിയാനയുടെ ഭൂപേന്ദര്‍ സിങ്ങും റെക്കോഡ് സ്ഥാപിച്ചു. ഇന്ന് 12 ഫൈനലുകള്‍ നടക്കും.
















