ആലപ്പുഴ: റീസര്‍വ്വേ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ സര്‍വ്വേ വകുപ്പില്‍ നിന്നും താലൂക്കുകളില്‍ എല്‍ആര്‍എം വിഭാഗത്തില്‍ സ്‌കൂട്ടണിങ് ജോലികള്‍ ചെയ്തുവന്നിരുന്ന ഡ്രാഫ്റ്റ്‌സ്മാന്‍മാരെയും ഹെഡ് ഡ്രാഫ്റ്റ്മാനെയും ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി എ. പ്രകാശ് ആവശ്യപ്പെട്ടു. എന്‍ജിഒ സംഘ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2010 മുതല്‍ താലൂക്കുകളില്‍ സര്‍വ്വേ വിഭാഗത്തില്‍ നൂറുകണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. സാധാരണ ജനങ്ങള്‍ ഇതുമൂലം കഷ്ടപ്പെടുന്നു. സര്‍ക്കാരില്‍ നിന്നും ത്രിതല പഞ്ചായത്തില്‍ നിന്നും അനുവദിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നിര്‍മ്മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത സ്ഥിതിയുമാണ്. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ കെ. മധു, ഗോപകുമാര്‍ മധുരാപുരി, ജില്ലാ സെക്രട്ടറി പി. ഷിബു, ട്രഷറര്‍ സുബിന്‍, കെ.ആര്‍. രജീഷ്, കെ. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
















