കണ്ണൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജനെതിരായ അഴിമതി കേസ് വിജിലന്‍സ് എഴുതിത്തളളിയെങ്കിലും മന്ത്രിക്കസേരയില്‍ തിരിച്ചെത്തുക അത്ര എളുപ്പമല്ല. തിരിച്ചെത്താന്‍ ജയരാജന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് ഏറെ പണിപ്പെടേണ്ടി വരും. ജയരാജന്‍ വീണ്ടും മന്ത്രിയാകുന്നതിനോട് മുഖ്യമന്ത്രിക്കോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കോ ജില്ലാ സെക്രട്ടറിക്കോ ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങള്‍ക്കോ താല്‍പ്പര്യമില്ല.
ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ നാമമാത്രമായ നേതാക്കളുടേയും അണികളുടേയും പിന്തുണയേ ലഭിച്ചിരുന്നുളളൂ. സ്വന്തം ലോക്കല്‍ കമ്മിറ്റിയാണ് ബന്ധുനിയമനത്തിനെതിരെ ആദ്യം പരാതി പറഞ്ഞതും. ജയരാജനെ ജയരാജനാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സെക്രട്ടറി പി.ജയരാജനുമുള്‍പ്പെടെ ശക്തമായ സമ്മര്‍ദ്ദമാണ് ജയരാജന്റെ രാജിക്കു വേണ്ടി ചെലുത്തിയത്. ജയരാജന്റെ ഭാര്യാ സഹോദരിയായ പി.കെ.ശ്രീമതി എംപിയും ഏതാനും നേതാക്കളും കുറച്ച് സില്‍ബന്തികളും മാത്രമായിരുന്നു കൂടെ നിന്നത്.
അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും ജയരാജന്‍ കുറ്റക്കാരനല്ലെന്ന രീതിയില്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അപ്പോഴെല്ലാം, ജയരാജന്‍ രാജിവെച്ചത് ധാര്‍മ്മികതയുടെ പേരിലാണെന്നും മന്ത്രി സ്ഥാനത്തേക്കുളള തിരിച്ചു വരവ് പാര്‍ട്ടി ചിന്തിച്ചിട്ടേ ഇല്ലെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു.
അധികാരത്തിലെത്തി ആറുമാസം തികയും മുമ്പ് പാര്‍ട്ടിക്കും മന്ത്രിസഭയ്‌ക്കും കളങ്കമായി മാറിയ ബന്ധു നിയമന വിവാദം ജയരാജനെതിരായ ശക്തമായ വികാരം ഉയര്‍ത്തിയിരുന്നു. ഇത് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പാര്‍ട്ടിക്കതീതനായി പ്രവര്‍ത്തിച്ച വ്യക്തിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കേണ്ട എന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം. ഇത് പുനപ്രവേശനത്തിന് തടസമാകും.
മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനയിലില്ലെന്ന് ജയരാജന്‍ പല കുറി പറഞ്ഞെങ്കിലും വിജിലന്‍സ് കേസ് എഴുതി തളളിയതോടെ മന്ത്രിസഭയില്‍ എത്താനുളള നീക്കം ജയരാജന്‍ ആരംഭിച്ചിട്ടുണ്ട്. കായല്‍ കയ്യേറ്റത്തിന് വിവാദ കുരുക്കില്‍പ്പെട്ട തോമസ്ചാണ്ടി രാജിവച്ചാല്‍ ഉണ്ടാകുന്ന ഒഴിവില്‍ മന്ത്രിസഭയില്‍ എത്താനുളള നീക്കമാണ് നടത്തുന്നത്. ഭരണ സ്വാധീനമുപയോഗിച്ചാണ് കേസന്വേഷണം അവസാനിപ്പിച്ചതെന്ന ആരോപണം പാര്‍ട്ടി അംഗങ്ങളക്കിടയില്‍ പോലുമുണ്ട്.
മന്ത്രിയായിരിക്കെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി ബന്ധുവായ പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീറിനുള്‍പ്പെടെ വിവിധ കമ്പനികളില്‍ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ജയരാജന്‍ രാജിവെച്ചതും കേസെടുത്തതും.
















