ഇസ്ലാമാബാദ് : നവാസ് ഷെരീഫിന് പിന്നാലെ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസും വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായി തെളിവുകള്‍. അന്വേഷണാത്മക മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ‘പാരഡൈസ് പേപ്പേഴ്‌സ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ലോകത്തെ കള്ളപ്പണക്കാരുടെ പുതിയ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ജര്‍മനിയിലെ ദിനപത്രമായ സെഡ്യൂസെ സീറ്റംഗും, അന്വേഷണാത്മക മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഒഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും, 95 മാദ്ധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
68 കാരനായ അസീസ് 2004 മുതല്‍ 2007 വരെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നു. 1999 ല്‍ പാക്കിസ്ഥാന്‍ ധനകാര്യമന്ത്രിയാകും മുന്‍പ് അസീസ് യു എസ് ആസ്ഥാനമാക്കി ട്രസ്റ്റ് ആരംഭിച്ചിരുന്നു. മാത്രമല്ല യു എസിലെ പ്രമുഖ ധനകാര്യസ്ഥാപനമായ സിറ്റി ബാങ്കില്‍ സേവനമനുഷ്ട്ടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന കാലയളവിലോ, ധനകാര്യമന്ത്രിയായിരുന്ന സമയത്തോ ട്രസ്റ്റിന്റെ ആസ്തി വെളിപ്പെടുത്താന്‍ അസീസ് തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ നിയമത്തിന്റെ വസ്തുവകകളില്‍ അഴിമതി, ഫണ്ട് ദുരുപയോഗം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ പ്രതിപക്ഷം അസീസിനെതിരെ ഉന്നയിച്ചിരുന്നു.
നവാസ് ഷെരീഫിന്റെ കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടതോടെ പാക്കിസ്ഥാന്‍ രാഷ്‌ട്രീയത്തെ അടിമുടി പിടിച്ചുലച്ച വിവാദത്തിനായിരുന്നു പനാമ പേപ്പേഴ്‌സ് തുടക്കമിട്ടത്. ഇതേക്കിറിച്ച് നിലവില്‍ അന്വേഷണവും നടക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അസീസിനെതിരെയും അന്വേഷണം നടന്നേക്കും.
















