തിരുവനന്തപുരം: 29 വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന അന്താരാഷ്ട ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലാണ് അനന്തപുരി. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കും.
ഇന്ന് ജയിച്ചാല്‍ ട്വന്റി 20 പരമ്പര നേടാം. ബാറ്റിംഗ് വെടിക്കെട്ട് കാത്തിരിക്കുന്ന ആരാധകര്‍ക്ക് രസംകൊല്ലിയായി മഴ എത്തുമോയെന്ന ആശങ്കയുണ്ട്. തിരുവനന്തപുരത്ത് ഇന്നലെയും കനത്ത മഴ പെയ്തു. ഉച്ചയോടെ തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തിമിര്‍ത്ത് പെയ്തു. ഇന്നും മഴയ്‌ക്ക് സാധ്യതയുണ്ടെന്ന കാലവസ്ഥാ മുന്നറിയിപ്പ് നിരാശപ്പെടുത്തുന്നു.
കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനം സ്‌റ്റേഡിയത്തിലുണ്ട്. മത്സരത്തിനിടെ മഴ പെയ്താലും മഴ നിന്ന് 20 മിനുട്ടിനുള്ളില്‍ മത്സരം പുനരാരംഭിക്കുവാനാകും. മൂന്ന് പിച്ചുകളാണ് മത്സരത്തിന് വേണ്ടി തയ്യാറാക്കിരിക്കുന്നത്. മത്സരം രാത്രിയിലായതിനാല്‍ മഞ്ഞ് വീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പിച്ച് പരിശോധിക്കാന്‍ ഇരു ടീമിന്റെയും കോച്ചുകളും കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ എത്തിയിരുന്നു.
ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമുകളും 1-1 എന്ന നിലയിലാണ്. ദല്‍ഹിയില്‍ നടന്ന ആദ്യ ട്വന്റി20 ഇന്ത്യ 53 റണ്‍സിന് ജയിച്ചപ്പോള്‍ രാജ്കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ കീവികള്‍ 40 റണ്‍സിന്റെ വിജയം സ്വന്തമാക്കി തിരിച്ചടിച്ചു.
















