തിരുവനന്തപുരം: കേരളാ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ഡിസംബര്‍ എട്ടിന് തിരിതെളിയും. പ്രതിനിധി പാസിനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. 22-ാമത് ചലച്ചിത്രമേള എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡെലിഗേറ്റ് ഫീ ഇത്തവണ 650 ആയി ഉയര്‍ത്തി. വിദ്യാര്‍ഥികള്‍ക്കിത് 350 രൂപയാണ്. തിയേറ്ററുകളുടെ സൗകര്യം കണക്കിലെടുത്ത് പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണം ചെയ്യൂ. ചലച്ചിത്ര സമീക്ഷാ വാരികയുടെ വരിക്കാര്‍ക്ക് പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കും. നവംബര്‍ 10 മുതല്‍ 12 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രതിനിധി പാസിന് രജിസ്റ്റര്‍ ചെയ്യാം. 13 മുതല്‍ 15 വരെ പൊതുവിഭാഗത്തിനും 16 മുതല്‍ 18 വരെ സിനിമാ-ടിവി പ്രൊഫഷനല്‍സിനും 19 മുതല്‍ 21 വരെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും 22 മുതല്‍ 24 വരെ മാധ്യമപ്രവര്‍ത്തകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇകേന്ദ്രങ്ങള്‍ വഴിയും പണമടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ വര്‍ഷം വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകളായ കെ.ആര്‍ മോഹനന്‍, ഐ.വി ശശി, കുന്ദന്‍ ഷാ, ഓം പുരി എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
വ്യഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനാണ് ഇത്തവണത്തെ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്പക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ആഫ്രിക്കന്‍ സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐഡന്റിറ്റി ആന്‍ഡ് സ്‌പേസ് വിഭാഗത്തില്‍ ആറു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് ആനിമേഷന്‍, റിസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു പാക്കേജുകള്‍.
പ്രേംശങ്കര്‍ സംവിധാനം ചെയ്ത രണ്ടുപേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഹിന്ദി ചിത്രമായ ന്യൂട്ടന്‍, ആസാമീസ് ചിത്രമായ വില്ലേജ് റോക്സ്റ്റാര്‍സ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്. ഏഴു സിനിമകളാണ് ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഡിസംബര്‍ 15ന് നിശാഗന്ധിയില്‍ സമാപന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
















