എബിന്‍
അടിമാലി(ഇടുക്കി): മന്ത്രി എം.എം. മണിയുടെ ഇളയ സഹോദരന്‍ സനകന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതോട് സ്വദേശി ഡ്രൈവര്‍ എബിനാണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിച്ചതാണ് സനകന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് കണ്ടെത്തി.
സനകനെ അബോധാവസ്ഥയില്‍ കണ്ടവെള്ളത്തൂവല്‍ കുത്തുപാറയില്‍ സനകന്‍ എങ്ങനെയെത്തിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മാസം ആറിനായിരുന്നു എബിന്‍ ഓടിച്ചിരുന്ന കാര്‍ അടിമാലി ടൗണില്‍ സനകന്റെ ദേഹത്ത് തട്ടിയത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിന്റെ കണ്ണാടി സനകന്റെ കയ്യില്‍ ഇടിച്ചു. അപകടം നടന്നയുടന്‍ എബിന്‍ സനകനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. സാരമായ പരിക്കില്ലാത്തതിനാല്‍ പ്രാഥമിക ചികത്സക്കുശേഷം സനകനെ വിട്ടയച്ചു. ഒരുദിവസം കഴിഞ്ഞാണ് സനകനെ കുത്തുപാറയ്‌ക്ക് സമീപം അബോധാവസ്ഥയില്‍ കണ്ടത്.
തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ കഴിയവെയാണ് മരിച്ചത്. തലക്കേറ്റ ക്ഷതമാണ് മരണ കാരണം. കഴിഞ്ഞദിവസം വൈദ്യുതി മന്ത്രിക്കും പോലീസ് മേധാവിക്കും ലഭിച്ച ഊമക്കത്താണ് കേസില്‍ വഴിത്തിരിവായത്. അജ്ഞാത വാഹനം ഇടിച്ചതായുള്ള വിവരം കത്തില്‍ പരാമര്‍ശിക്കപ്പെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയും അടിമാലി താലൂക്കാശുപത്രിയിലെ രജിസ്റ്റര്‍ പരിശോധിച്ച് എബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വാഹനം തട്ടിയെന്നതിനപ്പുറം മറ്റ് ദുരൂഹതകള്‍ ഒന്നും ഇല്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സാബു പറഞ്ഞു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്. ചികിത്സയില്‍ ഡോക്ടര്‍മാര്‍ വീഴ്ച വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാനിടയുണ്ട്.
















