മാവേലിക്കര: ഇന്നലെ ഉച്ചക്ക് ഉണ്ടായ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയില്‍ മാവേലിക്കര മേഖലയില്‍ വ്യാപക നാശം. തട്ടാരമ്പലം വിഎസ്എം ആശുപത്രിക്കു മുന്‍വശം നിര്‍ത്തിയിട്ടിരുന്ന മറ്റം വടക്ക് വത്സല കോട്ടേജ് ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ള കാറിനു മുകളില്‍ വാകമരം ഒടിഞ്ഞു വീണു.
കാറിലുണ്ടായിരുന്ന ബിജു തോമസ് മറുവശത്തു കൂടി വേഗം വെളിയിലേക്കു ഇറങ്ങുകയായിരുന്നു. മരം വീണതിനെ തുടര്‍ന്നു തട്ടാരമ്പലം ചെട്ടികുളങ്ങര റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മരം വീണു രണ്ട് 11 കെവി വൈദ്യുതി തൂണുകളും കമ്പികളും തകര്‍ന്നു.
തഴക്കര ഇറവങ്കര വറ്റല്‍മുക്കിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ടര വയസുള്ള പശുവും രണ്ടു മാസം പ്രായമുള്ള കിടാവും മിന്നലേറ്റു ചത്തു. ഇറവങ്കര വിഷ്ണു ഭവനം മണി ശിവന്റെ പശുവാണു ഇടിമിന്നലില്‍ ചത്തത്.
















