അമ്പലപ്പുഴ: വ്യക്ക മാറ്റിവെക്കല്‍ തട്ടിപ്പ് സംഘം പെരുകുന്നു. അമ്പലപ്പുഴ കേന്ദ്രീകരിച്ചാണ് ചിലര്‍ ലക്ഷങ്ങളുടെ ഈ ഇടപാട് നടത്തുന്നത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് കേന്ദ്രീകരിച്ച് മൂന്ന് വര്‍ഷം മുമ്പാണ് ചിലര്‍ ഈ തട്ടിപ്പിന് തുടക്കമിട്ടത്.
ഇതിനകം മത്‌സ്യതൊഴിലാളി കുടുംബത്തിലെ 5 സ്ത്രീകള്‍ വൃക്ക നല്‍കി കഴിഞ്ഞു. 29 മുതല്‍ 35 വരെയുള്ള പ്രായമുള്ള സ്ത്രീകളെയാണ് തട്ടിപ്പിനിരയാക്കിയത്. 10 ലക്ഷം രൂപ വരെയാണ് ഓരോരുത്തര്‍ക്കും വൃക്ക നല്‍കുമ്പോള്‍ ലഭിച്ചിരുന്നത്.
ഭര്‍ത്താവ് മരിച്ചവരേയും തീരെ നിര്‍ദ്ധനരായ സ്ത്രീകളെയുമാണ് തട്ടിപ്പിനിരയാക്കുന്നത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ശസ്ത്രക്രിയയിലൂടെ വൃക്കയെടുക്കുന്നത്. വൃക്ക നല്‍കുന്നതിനു മുമ്പ് വാടക വീടുകളില്‍ കഴിഞ്ഞിരുന്ന ചിലര്‍ പിന്നീട് വീടും സ്വന്തമാക്കിയിട്ടുണ്ട്.
തുടക്കത്തില്‍ ആറര ലക്ഷം രൂപയാണ് വൃക്ക നല്‍കുമ്പോള്‍ ലഭിച്ചിരുന്നത്. ഇതാണിപ്പോള്‍ 10 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്. അയല്‍വാസികളായ സ്ത്രീകളെയാണ് തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. ഇടനിലക്കാരന് ഒരു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുമ്പോള്‍ 50 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് അറിയുന്നത്. ശസ്ത്രക്രിയക്ക് മുമ്പ് അഡ്വാന്‍സ് തുക നല്‍കും ശസ്ത്രക്രിയക്ക് ശേഷം ബാക്കി തുകയും നല്‍കും.
ഇനിയും ചില സ്ത്രീകളെ ഇതിനായി വല വീശാനുള്ള ശ്രമത്തിലാണ് ഇടനിലക്കാരന്‍. സ്ത്രീകളുടെ സമ്മതത്തോടെ തന്നെയാണ് ഇത് നടക്കുന്നതെങ്കിലും നിയമവിരുദ്ധമായി നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
















