ന്യൂദൽഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള റിപ്പോർട്ടിന് വിശദീകരണം നൽകി കേന്ദ്ര സഹമന്ത്രി ജയന്ത് സിൻഹ. കേന്ദ്രമന്ത്രി സഭയിൽ എത്തുന്നതിന് മുൻപാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ഒമിദ്വോർ നെറ്റ്‌വർക്ക് കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി താൻ പ്രവർത്തിച്ചിരുന്നതെന്നാണ് ജയന്ത് സിൻഹയുടെ വിശദീകരണം.
2010-2014 കാലഘട്ടത്തിൽ ഒമിദ്വോർ നെറ്റ്‌വർക്ക് കമ്പനിയുടെ ഡിജി ലൈറ്റ് ബോർഡംഗമായിട്ടും 2013 മുതൽ സ്വതന്ത്ര ചുതലയുള്ള ഡയറക്ടറായിട്ടാണ് താൻ പ്രവർത്തിച്ചിരുന്നത്. 2014 നവംബറിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമായതോടു കൂടി താൻ കമ്പനിയിൽ നിന്നും രാജിവയ്‌ക്കുകയാണുണ്ടായത്- സിൻഹ വ്യക്തമാക്കി.
ബോർഡിൽ പ്രവർത്തിച്ചതിന് തനിക്ക് ഒരു തരത്തിലുള്ള അനധികൃതമായി പ്രതിഫലം കമ്പനി നൽകിയിരുന്നില്ലെന്ന് സിൻഹ വ്യക്തമാക്കി. കൺസൾട്ടിങ് ഫീസും കമ്പനിയിൽ നിന്നുമുള്ള ഷെയറുമാണ് തനിക്ക് ലഭിച്ചിരുന്നത്. ഇത് കേന്ദ്ര ടാക്സ് വകുപ്പിൽ രേഖാ മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കന്‍ കമ്പനിയായ ഡി ലൈറ്റില്‍ നിക്ഷേപമുള്ള കമ്പനിയാണ് ഒമിദ്വോർ നെറ്റ്വര്‍ക്ക്.
















